കൊച്ചി: ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തില്‍ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കോണ്‍ക്ലേവില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യസംവാദത്തിന് എന്നെ വെല്ലുവിളിച്ചു. ബിജെപി സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ പണം കേരളത്തിനു തന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ വരുന്നതിനു മുന്‍പുള്ള സര്‍ക്കാര്‍ 1300 കോടി രൂപയാണു ദുരന്തനിവാരണ നിധിയിലേക്ക് തന്നതെന്നും, 2014നു ശേഷം ബിജെപി സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയെന്നുമാണു അമിത്ഷാ പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഓരോ 5 വര്‍ഷം കൂടുമ്പോഴും ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇത് ഭരണഘടനയില്‍ എഴുതി ചേര്‍ത്ത സംസ്ഥാനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെയോ ഭരണകക്ഷിയുടേയും ഔദാര്യമല്ല'മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കേന്ദ്ര ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണം. ഇത് കേരളത്തിനു മാത്രം കേന്ദ്രം തരുന്ന പ്രത്യേക ഫണ്ടല്ല. അത് കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല, ധനകാര്യ കമ്മിഷനാണ്. ഈ ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സര്‍ക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. എന്നാല്‍, ഒരു രൂപയും കേരളത്തിനു പ്രത്യേകമായി കിട്ടിയില്ല എന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു.
പ്രളയ സമയത്ത് നാടാകെ തകര്‍ന്നു. ആ സമയത്ത് ലോകരാഷ്ട്രങ്ങള്‍ കേരളത്തെ സഹായിക്കാനെത്തിയപ്പോള്‍ സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ രാജ്യത്തിനു പുറത്തുനിന്നുള്ള സഹായം സ്വീകരിച്ചിരുന്നു. അന്ന് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കേരളത്തില്‍ ദുരന്തമുണ്ടായപ്പോള്‍ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. വിദേശമലയാളികള്‍ പ്രളയ സമയത്തു കേരളത്തെ സഹായിക്കാനെത്തി. എന്നാല്‍, മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. അതും കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കണമായിരുന്നു. നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു. എന്നാല്‍ നാം അതിജീവനത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിച്ചു.