അച്ചടക്കം പ്രധാനം;ആർ ശ്രീലേഖ

ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല

author-image
Devina
New Update
sreele

തിരുവനന്തപുരം: ബിജെപിയുടെ സമ്മേളന വേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ മറുപടിയുമായി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വിഡിയോയിൽ വ്യക്തമാക്കി. അതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.'

വേദിയിൽ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷൻമാരിൽ ഒരാളായതുക്കൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വർഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പ്രധാനമന്ത്രി വേദിയിലേക്കു വരുമ്പോൾ എനിക്ക് നൽകപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക, നിലയുറപ്പിക്കുക എന്നതാണ് പാർട്ടിപ്രവർത്തക എന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നാണ് ധരിച്ചത്. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്.

വിവിഐപി എൻട്രൻസിലൂടെ പ്രവേശിച്ച് അതിലെതന്നെ പ്രധാനമന്ത്രി മടങ്ങുമ്പോൾ താൻ അങ്ങോട്ടേക്കു ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചത്. 

ആരും തെറ്റിധരിക്കേണ്ട. എപ്പോഴും ബിജെപിക്കൊപ്പമാണ്'- ആർ. ശ്രീലേഖ പറഞ്ഞു.പരിപാടിയിൽ ഉടനീളം പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്ന അവർ അദ്ദേഹത്തെ യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കൾക്കൊപ്പം ചേരാതെ മാറിനിൽക്കുകയും ചെയ്തതോടെയാണ് സംഭവം വാർത്തകളിൽ ഇടംപിടിച്ചത്.

 ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല.

 പ്രധാനമന്ത്രി മോദി മേയർ വിവി രാജേഷിനെ ആലിംഗനം ചെയ്യുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തപ്പോൾ സദസിലും വേദിയിലും ഉണ്ടായിരുന്നവർ ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.