/kalakaumudi/media/media_files/2Eo4tMxafK93qbwk2O84.jpeg)
കൊച്ചി: സോഫ്റ്റ്‌വെയർ അപ്‌ഡേഷനുശേഷം മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ തകരാർ വന്നെന്ന പരാതിയിൽ ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എം.ആർ. ഹരിരാജിന്റെ പരാതിയിലാണ് ഉത്തരവ്. 2021 ഡിസംബറിലാണ് പരാതിക്കാരൻ 43,999 രൂപ വിലയുള്ള വൺപ്ലസ് മൊബൈൽ ഫോൺ വാങ്ങിയത്. 2023 ജൂലായിൽ ഓട്ടോമാറ്റിക് സോഫ്റ്റ് വെയർ അപ്‌ഡേഷൻ നടന്നപ്പോൾ സ്‌ക്രീനിൽ ലൈൻ പ്രത്യക്ഷപ്പെട്ടു. അംഗീകൃത സർവീസ് സെന്ററിലെത്തിയപ്പോൾ സ്‌ക്രീൻ സൗജന്യമായി മാറ്റാമെന്നും ഓർഡർ നൽകിയിട്ടുണ്ടെന്നും അറിയിച്ചു. പിന്നീട് സർവീസ് സെന്ററിൽ ബന്ധപ്പെട്ടപ്പോൾ 19,000/ രൂപയ്ക്ക് തിരിച്ചെടുക്കുകയോ കുറേക്കൂടി കാത്തിരിക്കുകയോ വേണമെന്നായിരുന്നു മറുപടി. വീണ്ടുമൊരു ലൈൻ വന്നതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. അപാകത പരിഹരിക്കാനുള്ള നടപടി എതിർകക്ഷിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വിലയിരുത്തിയാണ് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. ജിഷ ജി. രാജ് ഹാജരായി.