കാക്കനാട്: 15 ദിവസത്തിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് സഹായവുമായി കളക്ടർ എൻ. എസ്.കെ ഉമേഷ്. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ എ൯.എസ്.കെ ഉമേഷ് സ്വന്തം കൈയിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്.
ചെന്നൈയിലേക്ക് സൾഫർ എത്തിക്കാനായാണ് മൂർത്തി കേരളത്തിലെത്തിയത്. അമ്പലമുകളിൽ നിന്ന് തിരികെ വരുന്ന വഴി ഡിസംബർ 19 രാത്രി തൃക്കാക്കര എയർപോർട്ട്- സീപോർട്ട് റോഡിലെ വേളാങ്കണ്ണി നഗറിന് സമീപം മൂർത്തിയുടെ ലോറി നിയന്ത്രണം വിട്ട് പള്ളിക്ക് സമീപത്തെ വൈദ്യുത പോസ്റ്റിലിടിക്കുകയും പോസ്റ്റ് മറിഞ്ഞ് കെ.എസ്. ആർ.ടി.സി ബസിലേക്ക് വീഴുകയായിരുന്നു . മറ്റ് അപകടമൊന്നുമുണ്ടായില്ലെങ്കിലും ലോറിയുടെ മു൯ഭാഗം തകർന്നു.പരിക്കേൽക്കാതെ മൂർത്തി രക്ഷപ്പെട്ടിരുന്നു . തകർന്ന പോസ്റ്റിന്റെ നഷ്ടപരിഹാരം നൽകാതെ ലോറിയുമായി പോകാ൯ കഴിയില്ലെന്ന് കെ.എസ്. ഇ .ബി.യും പൊലീസും നിലപാടെടുക്കുകയായിരുന്നു. 49719 രൂപയാണ് നഷ്ടപരിഹാരം കെഎസ്ഇബിക്ക് നൽകേണ്ടിയിരുന്നത്. സേലത്തുള്ള സുഹൃത്തുക്കളിൽ നിന്നായി 29500 രൂപ സമാഹരിച്ചു. ബാക്കി തുക 20219 രൂപയാണ് നൽകിയത്. പോലീസിൽ നിന്നുള്ള എൻ.ഒ.സിയും ലഭിച്ചു. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ താമസവും ഏർപ്പാടാക്കി. വസ്ത്രത്തിനും ഭക്ഷണത്തിനുമുള്ള പണവും നൽകി. മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കിയാൽ മൂർത്തി നാട്ടിലേക്ക് മടങ്ങും.