ജില്ലാ ആസൂത്രണ സമിതി യോഗം  13.62 കോടിയുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് അംഗീകാരം

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 13.62 കോടിയുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി.

author-image
Shyam Kopparambil
New Update
DSD

 


കൊച്ചി:  ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 13.62 കോടിയുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. 
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 3.84 കോടിയുടെ ഹെൽത്ത് ഗ്രാൻഡ് പദ്ധതികൾക്കും 70 ഗ്രാമപഞ്ചായത്തുകളിലായി 7.31 കോടിയുടെ പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. ഒൻപത് മുൻസിപ്പാലിറ്റികളിലായി 2. 46 കോടിയുടെ പദ്ധതികൾക്കും അംഗീകാരം നൽകി. 
2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനിമൽ ബെർത്ത് കണ്ട്രോൾ പദ്ധതി കൂടുതൽ പ്രദേശങ്ങളിൽ ആരംഭിക്കുന്നതിനെ സംബന്ധിച്ചും യോഗത്തിൽ അവലോകനം ചെയ്തു. നിലവിൽ മുളന്തുരുത്തി, വടവുകോട് ബ്ലോക്കുകൾക്ക് പുറമെ ആലുവയിലും സെന്റർ ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾ, 29 ഗ്രാമ പഞ്ചായത്തുകൾ, ഏഴ് മുൻസിപ്പാലിറ്റികൾ എന്നിവ ചേർന്നാണ് പദ്ധതി ആരംഭിക്കുന്നത്. 2025- 26 വർഷത്തിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും 100 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്. 
27 ഗ്രാമ പഞ്ചായത്തുകളിൽ വയോജന പാർക്ക്, ഭിന്നശേഷിക്കാർക്ക് എബിലിറ്റി സെന്റർ , ലൈഫ് സ്ഥലം വാങ്ങൽ, ശുചിത്വ മാലിന്യ സംസ്കരണം - സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിജയഭേരി സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ സംയുക്തമായി നടപ്പിലാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം മുൻസിപ്പാലിറ്റി സമർപ്പിച്ച പദ്ധതികൾക്കും യോഗത്തിൽ അംഗീകാരം നൽകി. പിറവം മുൻസിപ്പാലിറ്റി എംസിഎഫ് പുനരുദ്ധാരണം നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 1.28 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്കുള്ള ബഹുമതി നേടിയ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ഇ൯ ചാ൪ജ് ടി ജ്യോതിമോൾ,   ആസൂത്രണ സമിതിയംഗങ്ങളായ അഡ്വ. കെ. തുളസി, അനിത ടീച്ചർ, അനിമോൾ ബേബി , എ .എസ് അനിൽകുമാർ, ഉല്ലാസ് തോമസ്, സനിത റഹീം, റീത്താ പോൾ, ജമാൽ മണക്കാടൻ, മേഴ്സി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

kochi ernakulam Ernakulam News ernakulamnews