/kalakaumudi/media/media_files/2025/12/06/540907986-2025-12-06-18-18-41.jpg)
കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ജില്ല പൂര്‍ണ്ണ സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 82 ഗ്രാമപഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും 13 നഗരസഭകളും ഒരു കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ജില്ലയില്‍ ഡിസംബര്‍ 9ന് വോട്ടെടുപ്പ് നടക്കുന്നത്.
നവംബര്‍ 14 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികപ്രകാരം 26,67,746 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. അതില്‍ 12,79,170 പുരുഷ വോട്ടര്‍മാരും 13,88,544 സ്ത്രീ വോട്ടര്‍ മാരും 32 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കായി 7374 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 3457 പുരുഷ സ്ഥാനാര്‍ഥികളും 3917 വനിതാ സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്തുള്ളത്. ആകെ 10,834 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരുന്നത്. അതില്‍ 321 പത്രികകള്‍ തള്ളുകയും, 3139 പത്രികകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു.
വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. 7490 ബാലറ്റ് യൂണിറ്റുകളും 3036 കണ്‍ട്രോള്‍ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ ചെയ്ത് സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്. പോളിങ്ങ് ബൂത്തുകളിലെ ജോലികള്‍ക്കായി റിസര്‍വ് ജീവനക്കാര്‍ ഉള്‍പ്പെടെ 14544 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. അതിനുപുറമേ മറ്റു തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഏകദേശം പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലാകെ 2220 വാര്‍ഡുകളിലായി 3021 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.ജില്ലയിലാകെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 28 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണ ശേഖരണ കേന്ദ്രങ്ങളും, പോളിംഗ് സ്റ്റേഷനുകളും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെട്ട ദിവസങ്ങളില്‍ അവധി നല്‍കും. ജില്ലയിലാകെ 72 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ്സുകളും, മിനി ബസ്സുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1200 ഓളം വാഹനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.ഡിസംബര്‍ 9ന് ജില്ലയിലെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.വോട്ടെടുപ്പ് രാവിലെ 7 മുതല്‍
വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9ന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ (ഡിസംബര്‍ 7 വൈകിട്ട് 6 വരെ) മാത്രമേ പരസ്യപ്രചാരണം നടത്താവൂ.
കളക്ടറുടെ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
