ദിവ്യയുടെ പ്രസംഗം ആസൂത്രിതം, ലക്ഷ്യം അപമാനിക്കൽ; വിധിയുടെ വിശദാംശം പുറത്ത്

ദിവ്യയുടെ പ്രസംഗം ആസൂത്രിതമായിരുന്നുവെന്നും ലക്ഷ്യം അപമാനിക്കലാണെന്നും കോടതി വിധിയിൽ പറയുന്നു.

author-image
Anagha Rajeev
New Update
vi

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യം നിഷേധിച്ച കോടതി വിധിയുടെ വിശദാംശം പുറത്ത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമായിരുന്നുവെന്നും ലക്ഷ്യം അപമാനിക്കലാണെന്നും കോടതി വിധിയിൽ പറയുന്നു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ ആക്ഷേപമെന്ന വാദവും കോടതി അംഗീകരിച്ചു.

എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഉത്തരവിലുണ്ട്.

pp divya