/kalakaumudi/media/media_files/2026/02/02/doctors-strike-2026-02-02-10-56-18.jpg)
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങൾ നടത്താത്തതിലും പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും.
കാഷ്വാൽറ്റി, ലേബർ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, പോസ്റ്റ്‌മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികൾക്ക് ആനുപാതികമായ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതൽ ഡോക്ടർമാർ സമരരംഗത്തുള്ളത്.
റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളിൽ സമരങ്ങൾ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജനുവരിയിൽ ധനമന്ത്രിയുമായും ചർച്ചകൾ നടത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
