ഇരട്ടക്കൊല: അനുശാന്തിക്ക് ജാമ്യം; ശിക്ഷ താല്‍കാലികമായി മരവിപ്പിച്ചു

രു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിചാരണക്കോടതി ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

author-image
Prana
New Update
anushanthi

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ താല്‍കാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിചാരണക്കോടതി ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താല്‍കാലിമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍, ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ അനുശാന്തിയുടെ ഹര്‍ജി പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍, കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 
കേസില്‍ അനുശാന്തിക്കായി അഭിഭാഷകന്‍ വി.കെ ബിജു, സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. അനുശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യു അനുശാന്തിയുടെ മൂന്നര വയസായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.

Supreme Court bail attingal murder case anushanthi