കോട്ടയത്തെ ക്രൂരകൊലപാതകം മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം വന്നതിന് പിന്നാലെ

2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം

author-image
Biju
New Update
dfhth

കോട്ടയം: മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വര്‍ഷം മുമ്പ് മകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ 2 മാസങ്ങള്‍ക്കുള്ളില്‍ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യയേയും ഇന്നു രാവിലെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയില്‍വേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാര്‍ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതിനാല്‍ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളില്‍ പ്രവേശിച്ചത് പിന്നിലെ വാതില്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. 

ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.

 

kottayam news