/kalakaumudi/media/media_files/GXGvxZmuM3OZjjVPLbmX.jpg)
ധിക്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും ആള്‍രൂപമായ പി.പി. ദിവ്യ ഒരു മനുഷ്യനെ പച്ചയായി കൊന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂര്‍ എഡിഎം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നാല് തവണ ഇടപെട്ട ഒരു കേസില്‍ എഡിഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാല്‍ ലോകത്താരും വിശ്വസിക്കില്ല. അനധികൃതമായ ആവശ്യത്തിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
പി.പി. ദിവ്യയുടെ ഭര്‍ത്താവും പെട്രോള്‍ പമ്പിന് അനുമതി തേടിയ പരാതിക്കാരനും അടുത്ത സുഹൃത്തുക്കളാണ്. ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരാണ്. ഈ പെട്രോള്‍ പമ്പ് പി.പി. ദിവ്യയുടെ തന്നെ കുടുംബത്തിന്റെ ബിനാമിയുടേതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതില്‍ ഇത്രയും വാശി കാണിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി അപകടം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ദേശീയ പാതയിലായാലും സംസ്ഥാന പാതയിലായാലും വളവുള്ള സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കില്ല. സാധാരണ ഗതിയില്‍ നഗരാസൂത്രണത്തിന്റെ ആളുകളായാലും പഞ്ചായത്തായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും അത്തരം സ്ഥലങ്ങളില്‍ അനുമതി നല്‍കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥലംമാറ്റത്തിന് മുമ്പ് ഭീഷണിപ്പെടുത്തി അവരെ കൊണ്ട് ഒപ്പ് വെപ്പിക്കുകയായിരുന്നു. എഡിഎമ്മിനെ മനപ്പൂര്‍വം തേജോവധം ചെയ്യുന്നതിന് വേണ്ടിയാണ്, സ്ഥലംമാറിപ്പോവുന്നതിന് മുമ്പ് ഒരു പണികൊടുക്കാനാണ് പിപി ദിവ്യ യാത്ര യയപ്പ് പരിപാടിയില്‍ പങ്കെടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണം വ്യാജമാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണങ്ങളുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു. മൈസൂരിലും കര്‍ണാടകയിലുമൊക്കെ അനധികൃതമായി ബിനാമി പേരുകളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നു. തുടങ്ങിയ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടെന്നും സൂരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഇത് നടന്നിരിക്കുന്നത്. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത്രയും സത്യ സന്ധനായ ഉദ്യേഗസ്ഥനില്ലെന്നാണ് റവന്യൂ മന്ത്രി പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്കാരുടെ കുടുംബത്തില്‍ പെട്ട സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊല്ലാകൊല ചെയ്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.