/kalakaumudi/media/media_files/2025/08/11/haris-2-2025-08-11-13-09-18.jpg)
തിരുവനന്തപുരം: തന്നെ കുടുക്കാനും പിന്നില്‍നിന്ന് കുത്താനും ചില സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) വാട്‌സാപ് ഗ്രൂപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും ഹാരിസ് ഈ ആരോപണം ആവര്‍ത്തിച്ചു.
മരണത്തിലേക്ക് എത്തിക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെന്നും കാലം അവര്‍ക്കു മാപ്പു നല്‍കട്ടേയെന്നുമാണ് വാടാസാപ് ഗ്രൂപ്പിലെ സന്ദേശത്തില്‍ ഹാരിസ് പറഞ്ഞത്. ഇതിനു പിന്നാലെ, ചിലരെ ഗ്രൂപ്പില്‍നിന്ന് മാറ്റാന്‍ കെജിഎംസിടിഎ ഭാരവാഹികള്‍ തീരുമാനിച്ചു. 30 വര്‍ഷത്തില്‍ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും, ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചതെന്നും അവര്‍ പിന്നില്‍നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും തന്റെ കാര്യം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് തന്നോട് പറഞ്ഞത്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. വിശദീകരണം ചോദിക്കാതെയാണ് അവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. പരിചയമില്ലാത്ത ഉപകരണം മുറിയില്‍ കണ്ടെങ്കില്‍ അവര്‍ക്ക് തന്നോടു ചോദിക്കാമായിരുന്നു. താന്‍ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കില്‍ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോടു ചോദിച്ചില്ല.
വകുപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹായം വേണമെന്ന് ഡോ.ഹാരിസ് പറഞ്ഞു. ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിന്‍സിപ്പലിന്റെയും സഹകരണം ആവശ്യമാണ്. താന്‍ ജോലിക്കാരന്‍ മാത്രമാണ്. വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നാണ് ഒരു രോഗിയെ രക്ഷിക്കുന്നത്. ശത്രുപക്ഷത്തുനിന്ന് പോകാന്‍ കഴിയില്ല. ഒരാള്‍ മാറിനിന്നാല്‍ പ്രവര്‍ത്തനം നടക്കില്ല. മേലധികാരികളുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. തന്നോട് പ്രതികാര നടപടി ഉണ്ടായിട്ടില്ല. എല്ലാവരും വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മന്ത്രി സമാധാനിപ്പിച്ചു. സന്തോഷമായാണ് പിരിഞ്ഞതെന്നും ഡോ.ഹാരിസ് പറഞ്ഞു.
ഹാരിസിന്റെ കുറിപ്പ്: ''ഒരു സഹപ്രവര്‍ത്തകനായ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാന്‍, അതും ജീവിതത്തില്‍ അവരോട് ഒരു തെറ്റും ചെയ്യാത്ത വ്യക്തിയെ, കാണിച്ച വ്യഗ്രതയും നാടകീയതയും ഈ കോളജിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കേണ്ടതാണ്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു വിരുദ്ധമാണ്. സാധാരണക്കാരനുവേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെ നിന്നു, കേരളമെമ്പാടും ഫാക്കല്‍റ്റികള്‍ നൂറു ശതമാനം കൂടെ നിന്നു, എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എല്ലാ വിഭാഗം ജനങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ടും എന്തോ ചില വെള്ളിനാണയങ്ങള്‍ക്കുവേണ്ടി ഒരു സഹപ്രവര്‍ത്തകനെ ജയിലിലേക്കും ഒരുപക്ഷേ, മരണത്തിലേക്കും എത്തിക്കാന്‍ ശ്രമിച്ചവര്‍... അവര്‍ക്കു കാലം മാപ്പ് നല്‍കട്ടെ''