കെ സോട്ടോയില്‍ നിന്ന് ഡോ. മോഹന്‍ദാസ് രാജിവച്ചു

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്.

author-image
Biju
New Update
sotto

തിരുവനന്തപുരം: അവയവദാന ഏജന്‍സിയായ കെ.സോട്ടോയെ വിമര്‍ശിച്ച് പോസ്റ്റിട്ട ഡോ. മോഹന്‍ദാസ് കെ. സോട്ടോയില്‍ നിന്ന് രാജിവച്ചു. പദ്ധതിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. 

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്. 

കെ.സോട്ടോയുടെ സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്നാണ് രാജിവെച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം ഡോ.ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കെ.സോട്ടോയെ വിമര്‍ശിച്ച് ഡോ.മോഹന്‍ദാസും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കെ.സോട്ടോ പ്രവര്‍ത്തനം പരാജയമെന്നായിരുന്നു വിമര്‍ശനം. പോസ്റ്റ് ചര്‍ച്ചയായതോടെ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു. 

പരസ്യവിമര്‍ശനങ്ങള്‍ തുടര്‍ച്ചയായതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരണം വിഷയം ഉന്നയിക്കരുതെന്ന് കാട്ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സര്‍ക്കുലറും ഇറക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കെ. സോട്ടോ പരാജയമാണെന്ന് വ്യക്തമാക്കി ഡോ. മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പിട്ടത്. 

അന്നത്തെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോഗ്യവകുപ്പ് ഡോ. മോഹന്‍ദാസിനോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരണം നല്‍കിയതിന് ശേഷമാണ് കെ. സോട്ടോയില്‍ നിന്നും ഇപ്പോള്‍ ഡോ. മോഹന്‍ദാസ് രാജിവെച്ചത്. തികച്ചും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ കെ. സോട്ടോ സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്ന് രാജവെക്കുകയാണെന്നാണ് പോസ്റ്റിലുള്ളത്. 

ഇനി മുതല്‍ കെ. സോട്ടോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പോസ്റ്റിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നല്‍കുന്ന മൗലികാവകാശമാണെന്നും താന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്നുമാണ് ഡോ. ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം, രാജിയില്‍ ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല. 

2016ന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റ ശസ്ത്രക്രിയ രണ്ടക്കം കടന്നിട്ടില്ലെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് ഡോ.മോഹന്‍ദാസ് വകുപ്പിന് വിശദീകരണം നല്‍കിയത്. ഡോ.ഹാരിസിന്റെ വിമര്‍ശനങ്ങള്‍ ഇപ്പോഴും ചര്‍ച്ചയായി തുടരുന്നതിനിടെയാണ് ഡോ.മോഹന്‍ദാസിന്റെ വിമര്‍ശനവും രാജിയും.