/kalakaumudi/media/media_files/0wEN6g2n66wO30uWCPYE.jpeg)
വിജയലക്ഷ്മി
മലപ്പുറം: പ്രശസ്ത നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1980-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. മക്കള്‍: വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.
1940 ജൂണ്‍ 29-ന് കോഴിക്കോട്ടായിരുന്നു വിജയലക്ഷ്മിയുടെ ജനനം. അച്ഛന്‍ പറങ്ങോടന്‍, അമ്മ കല്യാണി. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വിജയലക്ഷ്മിയെ പിന്നീട് വളരെ കഷ്ടപ്പെട്ട അമ്മയാണ് വളര്‍ത്തിയത്. ബാല്യത്തില്‍ തന്നെ കലാവാസന പ്രകടിപ്പിച്ചിരുന്ന വിജയലക്ഷ്മി കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം യു.പി.സ്‌കൂളിലും, പിന്നീട് പ്രൊവിഡന്‍സ് സ്‌കൂളിലും പഠിക്കുമ്പോള്‍ നൃത്തവും പാട്ടും അഭ്യസിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കലാജീവിതം മുന്നോട്ടുകൊണ്ടു പോയി.
നിര്‍മ്മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയില്‍, കഥയ്ക്കു പിന്നില്‍, ഒരേതൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട്, കൈയൊപ്പ് തുടങ്ങിയ സിനിമകളിലും ഏതാനും ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.