/kalakaumudi/media/media_files/2025/03/18/1SQ5Xd8N7dsdFKRQmfz4.jpeg)
തൃക്കാക്കര: കീരേലിമല നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാകുന്നു. കീരേലി മലയിലെ 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ എൻ.എസ്.കെ ഉമേഷ് ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് 12,36,300 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് 95,100 രൂപ വീതമാണ് ലഭിക്കുന്നത്.
ഏത് നിമിഷവും തലക്ക് മുകളില്‍ വീഴാവുന്ന ഭീമന്‍ മണ്‍തിട്ടക്ക് സമീപമായിരുന്നു വര്‍ഷങ്ങളോളം കാക്കനാട് അത്താണിക്ക് സമീപം കീരേലിമലയിലെ 13 കുടുംബങ്ങള്‍ താമസിച്ചിരുന്നത്. 2018-ലെ പ്രളയത്തിന് ശേഷം ഈ സ്ഥലം വാസയോഗ്യമല്ലെന്ന് കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലെ 13-ാം വാര്‍ഡില്‍ കാക്കനാട് പൊയ്യച്ചിറക്ക് സമീപം സ്ഥലം അനുവദിച്ചു. ഒരു കുടുംബത്തിന് മൂന്ന് സെന്റ് വീതം സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. ഇവിടെ ഓവുചാല്‍ നിര്‍മ്മിക്കണം എന്ന ആവശ്യം ഉടന്‍ പരിഹരിക്കും. ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനായി വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, വില്ലേജ് ഓഫീസര്‍ ചാന്ദ്‌നി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.