/kalakaumudi/media/media_files/2026/02/04/cccc-2026-02-04-20-20-29.jpg)
കൊച്ചി: കബൂത്തർ ഭായിക്ക് പിന്നാലെ അസ്സമിൽ നിന്ന് ഹെറോയിൻ എത്തിച്ച് കൊടുക്കുന്ന പ്രധാനി പിടിയിൽ. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻ്റിന് സമീപത്ത് നിന്നാണ് ആസാം മൊറിഗോൺ തെങ്കാഗുരി സ്വദേശി മസൂദ് ആലം (25) എന്നയാളെ എറണാകുളം എക്സൈസ് സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ്, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ചൈനാ വൈറ്റ് വിഭാഗത്തിൽപ്പെട്ട അതിമാരകമായ 21 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. മയക്ക്മരുന്ന് വിൽപ്പന നടത്തുവാൻ ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം ടൗൺ ഭാഗത്ത് നിന്ന് ഇത്രയും വലിയ അളവിൽ ഹെറോയിൻ പിടികൂടുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ ദിവസം കാക്കനാട് ഭാരത് മാതാ കോളേജിന് സമീപത്ത് നിന്ന് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് കച്ചവടം നടത്തിയ കമ്പൂത്തർ ഭായി എന്ന ജുഹിദുൾ ഇസ്ലാം എന്നയാളെയും സുഹൃത്തിനേയും എക്സൈസ് സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീം പിടികൂടിയിരുന്നു. ഇയാളുടെ ആവശ്യപ്രകാരമാണ് അസാമിലെ ഗരീംഖജിൽ നിന്ന് മസൂദ് ആലം മയക്കു മരുന്നുമായി എറണാകുളത്ത് എത്തുന്നത്. കമ്പൂത്തർ ഭായിയിൽ നിന്ന് നേരത്തെ ഈ വിവരം എക്സൈസിന് ലഭിച്ചിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി. സ്റ്റാൻ്റിന് സമീപം മയക്ക് മരുന്ന് കൈമാറുവാൻ ഇടനിലക്കാരെ കാത്ത് നിൽക്കവേ ആണ് ഇയാൾ എക്സൈസിൻ്റെ പിടിയിലാവുന്നത്. മസൂദ് ആലമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്ത ദിവസങ്ങളിലായാണ് എക്സൈസ് ഇത്രയും വലിയ അളവിലുള്ള അത്യന്തം വിനാശകാരിയായ ചൈനാ വൈറ്റ് എന്ന് വിളിപ്പേരുള്ള ഹെറോയിൻ ഇത്രയും അധികം പിടിച്ചെടുക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡ് ടീമിലെ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർ അരവിന്ദ് ഉണ്ണി, ഐബി അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം നോർത്ത് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ സേതു ലക്ഷ്മി, അസി. എക്സൈസ് ഇൻസ്പെക്ടർ എം.എച്ച്. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
