മദ്യപിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍; യാത്രക്കാരെ കൊല്ലുമെന്നും ഭീഷണി

ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിനു മുന്‍പാണ് ബസിന്റെ ഓട്ടത്തില്‍ ചില അപാകതകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാര്‍ക്കെതിരെ കയര്‍ത്ത ഡ്രൈവര്‍ ബസ് യാത്രക്കാരെ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

author-image
Biju
New Update
madyam

കോഴിക്കോട്: കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവര്‍ മദ്യലഹരിയില്‍ ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പരാതിപ്പെട്ടപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവറുടെ ഭീഷണി. ബസിലെ ക്ലീനര്‍ മദ്യലഹരിയില്‍ ഡ്രൈവറുടെ ക്യാബിനില്‍ കിടന്നുറങ്ങുന്നതും യാത്രക്കാര്‍ പകര്‍ത്തിയ മൊബൈല്‍ വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഞായറാഴ്ച മൈസൂരുവില്‍ എത്തുന്നതിനു മുന്‍പാണ് ബസിന്റെ ഓട്ടത്തില്‍ ചില അപാകതകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാര്‍ക്കെതിരെ കയര്‍ത്ത ഡ്രൈവര്‍ ബസ് യാത്രക്കാരെ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ക്യാബിനിലെയും ബസിനുള്ളിലെയും ലൈറ്റുകള്‍ ഡ്രൈവര്‍ പൂര്‍ണമായും അണയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ യാത്രക്കാര്‍ വാഹനം ഓടിക്കേണ്ടെന്ന് പറയുകയായിരുന്നു. ഇതിനിടെ ക്യാബിനില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിയതായും യാത്രക്കാര്‍ പറയുന്നു.

വളരെ വൈകിയാണ് പിന്നീട് ബസിന്റെ സര്‍വീസ് പുനരാരംഭിക്കാനായത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും തുടര്‍ദിനങ്ങളിലും ഇതേ ഡ്രൈവറെ വച്ചാണ് ഈ ബസ് കമ്പനി സര്‍വീസ് നടത്തിയത്. ഞായറാഴ്ച ബസില്‍ യാത്ര ചെയ്തവരില്‍ ചിലര്‍ ട്രാവല്‍സിന്റെ ഈ നടപടിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.