/kalakaumudi/media/media_files/2025/10/08/dq-4-2025-10-08-20-41-47.jpg)
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വസതികളിലടക്കം റെയ്ഡ് നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിളിച്ചുവരുത്തി. ചെന്നൈയിലായിരുന്ന ദുല്‍ഖര്‍ ഉച്ചയോടെയാണു കൊച്ചിയിലെത്തിയത്.
ദുല്‍ഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണു വിവരം. കേസില്‍ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ദുല്‍ഖറില്‍ നിന്ന് കസ്റ്റംസ് നേരത്തെ 3 കാറുകള്‍ പിടിച്ചെടുത്തിരുന്നു.
രാവിലെ ഏഴുമണിയോടെ ദുല്‍ഖറിന്റെ കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലും ഇഡി സംഘം എത്തിയിരുന്നു. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗരേജില്‍ എട്ടോളം പഴയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ദുല്‍ഖറിനു പുറമെ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയ 17 സ്ഥലങ്ങളിലാണ് ഇഡി ഇന്ന് പരിശോധന നടത്തിയത്.
ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ഒരു നിസാന്‍ പട്രോള്‍ എന്നീ കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ 2004 മോഡല്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുല്‍ഖറിനു വാഹനം വിട്ടു കൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോടും ഇതിനായി അപേക്ഷ നല്‍കാന്‍ ദുല്‍ഖറിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിറ്റേന്നാണ് ഇഡി റെയ്ഡ് നടത്തുന്നത്.
ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്ന പഴക്കം ചെന്ന ആഡംബര കാറുകള്‍ ഉയര്‍ന്ന വിലയ്ക്ക് സെലിബ്രിറ്റികള്‍ക്ക് അടക്കം നല്‍കുന്ന സംഘത്തെക്കുറിച്ചാണ് അന്വേഷണം എന്ന് കസ്റ്റംസും ഇഡിയും പറയുന്നു. വിദേശരാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് ഫെമ നിയമം ഇതില്‍ ബാധകമാകുന്നത്. വാഹനങ്ങള്‍ വാങ്ങിയവരുടെ പണമിടപാടില്‍ വേണ്ടത്ര രേഖകള്‍ ഇല്ലെന്നു കസ്റ്റംസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. രാജ്യത്തിനു പുറത്തു വച്ച് ഹവാല ഇനത്തില്‍ പണം കൈമാറ്റം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും.
ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ, ഭൂട്ടാന്‍ വഴി കടത്തിക്കൊണ്ടു വന്നതെന്നു കരുതുന്ന വാഹനങ്ങള്‍ വാങ്ങിയവരുമായി ബന്ധപ്പെട്ടാണു മറ്റു റെയ്ഡുകള്‍ നടന്നത്. കൊച്ചിക്കു പുറമെ കോട്ടയം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്‌നാട്ടിലും റെയ്ഡ് നടന്നിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര വാഹനങ്ങള്‍ വില്‍ക്കുന്ന പാലിയേക്കരയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
