വിചാരണക്കിടെ സാക്ഷി കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷ വിധിച്ച് കോടതി

പയ്യന്നൂര്‍ ഏഴിലോട്ടെ പി പി ചന്ദ്രനെയാണ് ഹൊസ്ദുര്‍ഗ് സബ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചന്ദ്രന് കോടതി 5000 രൂപ പിഴയും, കോടതി പിരിയും വരെ തടവും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ എന്‍ വി ഹരീഷ്‌കുമാറിനെ വിട്ടയച്ചു.

author-image
Prana
New Update
Life Imprisonment

മദ്യക്കടത്ത് കേസിന്റെ വിചാരണക്കിടെ സാക്ഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പയ്യന്നൂര്‍ ഏഴിലോട്ടെ പി പി ചന്ദ്രനെയാണ് ഹൊസ്ദുര്‍ഗ് സബ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചന്ദ്രന് കോടതി 5000 രൂപ പിഴയും, കോടതി പിരിയും വരെ തടവും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ എന്‍ വി ഹരീഷ്‌കുമാറിനെ വിട്ടയച്ചു.

2022 ജൂലൈ 25ന് നീലേശ്വരം പോലീസാണ് 25.92 ലിറ്റര്‍ വിദേശ നിര്‍മിത മദ്യം കടത്തുകയായിരുന്ന പിക്കപ്പ് ലോറി പിടികൂടിയത്. ചന്ദ്രന്‍ ലോറിയുടെ ആര്‍ സി ഉടമയായതിനാല്‍ കേസില്‍ ഏഴാം സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നു. ലോറി ഹരീഷിന് ഓടിക്കാന്‍ നല്‍കിയിട്ടില്ലെന്നാണ് ചന്ദ്രന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ലോറി കാണാതായപ്പോള്‍ പരാതി നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ചന്ദ്രന്‍ മറുപടി നല്‍കിയത്.

ചന്ദ്രന്‍ ബന്ധുവാണെന്നും, അതിനാലാണ് ലോറി എടുത്തതെന്നും, അതില്‍ മദ്യം സൂക്ഷിച്ചതായി അറിയില്ലെന്നും ഹരീഷ്‌കുമാര്‍ കോടതിയെ ധരിപ്പിച്ചു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ കോടതി ചന്ദ്രന്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും, ഹരീഷ്‌കുമാര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ വിട്ടയക്കുന്നതായും പ്രസ്താവിച്ചു.

 

witness imprisoned