വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ; കാറില്‍ നിന്നിറങ്ങി എംപി

ബലംപ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.

author-image
Biju
New Update
shafi

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. 

എന്നാല്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടാണ് ഷാഫി മുന്നോട്ട് വെച്ചത്. 

ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ടൗണ്‍ഹാളിനടുത്ത് കൂടെ പോവുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതോടെ ഷാഫി കാറില്‍ നിന്ന് പുറത്തിറങ്ങി. 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പൊലീസ് സുരക്ഷയോടെയായിരുന്നു ഷാഫിയുടെ യാത്ര. പുറത്തിറങ്ങിയ ഷാഫിയേയും പൊലീസ് തടഞ്ഞു. എന്നാല്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തേണ്ടന്നും പ്രതിഷേധം ആകാമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ അനാവശ്യം പറയരുത്. 

സമരക്കാര്‍ക്ക് പരിക്ക് പറ്റരുതെന്നും വാഹനം നിര്‍ത്താനും താന്‍ പൊലീസിനോട് പറഞ്ഞു. സമരത്തിന്റെ പേരില്‍ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പേടിച്ച് വടകര അങ്ങാടിയില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പത്തുമിനിറ്റോളം ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നിലനിന്നു. പിന്നീട് ഷാഫി പറമ്പില്‍ എംപി കാറില്‍ കയറി പോവുകയായിരുന്നു.

Shafi parambil