ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം; സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യം

തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആയിരിക്കെ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ആവശ്യം.

author-image
Devina
New Update
joel


പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.ജോയലും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദമെല്ലാം പൊളിഞ്ഞു. ജോയൽ അടിമുടി പാർട്ടി ആയിരുന്നുവെന്ന് തെളിവുകൾ സഹിതം കുടുംബം ചൂണ്ടിക്കാട്ടി. 2020 ലാണ് ജോയൽ മരിക്കുന്നത്. അടൂർ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിക്കുന്ന കുടുംബം സിപിഎം നേതാക്കളുടെ പങ്കുകൂടി ചൂണ്ടിക്കാട്ടുന്നു. കടമ്പനാടുള്ള സിപിഎം പ്രാദേശിക വനിതാ നേതാവിനെ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി. അവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അടൂരിലെ പ്രധാന സിപിഎം നേതാക്കളിലേക്ക് തട്ടിപ്പിന്റെ കണ്ണി നീണ്ടു. എന്നാൽ തുടർ അന്വേഷണം അട്ടിമറിക്കപ്പെട്ടു. തട്ടിപ്പ് കേസിൽ അറസ്റ്റിലായ വനിതാ നേതാവിന്റെയും മറ്റ് സിപിഎം നേതാക്കന്മാരുടെയും വിശ്വസ്തനായിരുന്നു ജോയൽ. കോടികളുടെ തട്ടിപ്പ് പുറത്ത് വരുമെന്ന് ഭയന്ന് അടൂർ സി.ഐ.യേയും സംഘത്തെയൂം ഉപയോഗിച്ച് ക്രൂരമായ കസ്റ്റഡി മർദ്ധനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്.
നേതാക്കൾക്കെതിരെ കുടുംബം
2020 ൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ ജോയലിന്റെ കുടുംബം പരാതി നൽകിയതാണ്. പക്ഷേ പാർട്ടിക്കുള്ളിലേ അന്വേഷണവും ഉന്നത ഇടപെടലിൽ അട്ടിമറിക്കപ്പെട്ടു. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ ആക്കുന്ന ആരോപണം പക്ഷേ ഇത്തവണ പാർട്ടിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നു. അനധികൃത സ്വത്ത് സമ്പാധനത്തിൽ അടൂരിലെ പ്രധാന നേതാക്കൾക്കെതിരെ കെട്ടുകണക്കിന് പരാതികൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഒരു വിഭാഗം നൽകിയതാണ്. അന്വേഷണം ഒന്നും നടത്താതെ അതെല്ലാം ഒതുക്കി വച്ചിരിക്കുകയാണ്. ചില ആരോപണങ്ങളിൽ അന്വേഷണ നടന്നെങ്കിലും കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി. ജോയലിന്റെ കുടുംബം വീണ്ടും ആരോപണം ശക്തമാക്കുമ്പോൾ ഔദ്യോഗികപക്ഷ നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന് വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ് വെട്ടിനിരത്തപ്പെട്ട മറുവിഭാഗം നേതാക്കൾ.