പരിശോധനയ്ക്കിടെ ദുല്‍ഖര്‍ കൊച്ചിയിലെ വീട്ടിലെത്തി; കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കും

രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല

author-image
Biju
New Update
dq

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന ഇഡി പരിശോധനക്കിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോവുകയായിരുന്നു. നേരത്തെ, ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുല്‍ഖര്‍ കസ്റ്റംസ് ഓഫീസില്‍ എത്താനും സാധ്യതയുണ്ട്. 

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

Also Read:

https://www.kalakaumudi.com/kerala/ed-conducts-raids-at-malayalam-superstar-mammoottys-chennai-property-10539930

ഇന്ത്യയിലേക്ക് ഭൂട്ടാന്‍/നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും (ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, എംഇഎ എന്നിവയില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇഡി നടപടി ആരംഭിച്ചു. 

അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വസതികളും സ്ഥാപനങ്ങളും, ചില വാഹന ഉടമകള്‍, ഓട്ടോ വര്‍ക്ക് ഷോപ്പുകള്‍, വ്യാപാരികള്‍ എന്നിവയുള്‍പ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധനയെന്നും ഇഡി അറിയിച്ചു.

നേരത്തെ കസ്റ്റംസ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്തത് 33 വാഹനങ്ങളാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു. ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. വര്‍ഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവില്‍ എത്തിയ ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാണ് ഇതില്‍ യഥാര്‍ത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു.

ഓരോ വണ്ടിയുടെയും വിവരങ്ങള്‍ പ്രത്യേകം പറയണമെന്നും വിവരങ്ങള്‍ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു. 20 വര്‍ഷത്തെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവിട്ടു. ദുല്‍ഖര്‍ സല്‍മാനെതിരായ കേസിലെ അന്വേഷണ വിവരങ്ങള്‍ കസ്റ്റംസ് മുദ്ര വെച്ച കവറില്‍ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.

mammootty dulquer salmaam