/kalakaumudi/media/media_files/2025/11/18/student-2025-11-18-22-43-32.jpg)
കൊച്ചി: '5000 രൂപയാണ് ഹോസ്റ്റൽ ഫീസ്. ഇ-ഗ്രാന്റായി വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഹോസ്റ്റൽ ഫീസ് 3500 രൂപയും! കൃത്യമായി ഫീസ് കൊടുക്കാൻ കഴിയാതെ മറ്റ് കുട്ടികൾക്ക് മുന്നിൽ തലതാഴ്ത്തി​ നിൽക്കേണ്ട അവസ്ഥയുണ്ട്." പറഞ്ഞ് മുഴുവനാക്കും മുമ്പ് വൈക്കത്തെ കോളേജിൽ സ്വാശ്രയ കോഴ്‌സ് പഠിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനി അനിതയുടെ (യഥാർത്ഥ പേരല്ല) കണ്ണുകൾ നിറഞ്ഞൊഴുകി. തൊട്ടടുത്തിരുന്ന ശ്രീജിത്തിനും രേഷ്മയ്ക്കും സൂര്യയ്ക്കും സങ്കടമടക്കാനായില്ല. ഇത് അനിതയുടെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്ത് ഇ-ഗ്രാന്റി​ന്റെ ബലത്തിൽ മികച്ച വിദ്യാഭ്യാസവും ഇതിലൂടെ നല്ലൊരു ജീവിതവും സ്വപ്നം കാണുന്ന ആദിവാസി-ദളിത് വിദ്യാർത്ഥികൾ കടന്നുപോകുന്ന സാഹചര്യമാണ്. കാട്ടി​നുള്ളി​ലും കോളനി​കളി​ലും പ്രതി​കൂല ജീവി​തസാഹചര്യങ്ങളി​ലൂടെ കടന്നുപോകുന്ന ഈ വി​ദ്യാർത്ഥി​കൾക്ക് ഗ്രാന്റി​ലൂടെ ലഭി​ക്കുന്ന ചെറി​യ തുകയ്ക്കും വലി​യ മൂല്യമുണ്ട്.
സംസ്ഥാനത്ത് രണ്ട് പതിറ്റാണ്ടിനിടെ ഇ-ഗ്രാന്റ് ഉയർത്തിയിട്ടില്ല. കൃത്യമായിട്ടുമല്ല ഗ്രാന്റ് നൽകുന്നതും. ഇതാണ് പല വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്നത്. ഗ്രാന്റുകൾ മുടങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ട്.
ആദിവാസി - ദളിത് വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റുകൾ മുടങ്ങിയിട്ടും ചെറുവിരൽ അനക്കാത്ത സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധം ശക്തമാണ്. ഇതിന്റെ ആദ്യപടിയായി 22ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. അംബേദ്കറൈറ്റ് ഡെമോക്രറ്റിക് മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.
ഇ-ഗ്രാന്റ്
പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് എന്ന പേരിൽ ബഡ്ജറ്റിൽ വകയിരുത്തുന്ന തുകയിൽ നിന്നാണ് പ്രതിമാസ ഇ-ഗ്രാന്റ് നൽകുന്നത്. ഉപരിപഠനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും കോഴ്‌സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് തുക നൽകുക. തുക വകമാറ്റുന്നുവെന്നാണ് ആക്ഷേപം.
മുടങ്ങിയ ഗ്രാന്റുകൾ (രൂപയിൽ)​
ലംപ്‌സം ഗ്രാന്റ്: 1400 (യു.ജി), 1900 (പി.ജി)
ഹോസ്റ്റൽ ഫീസ് : 3500
സ്വാശ്രയ കോളേജ് ഹോസ്റ്റൽ : 4500
പോക്കറ്റ് മണി : 200
സ്വകാര്യ ഹോസ്റ്റൽ : 3000 (എസ്.ടി), 1500 (എസ്.സി)
യാത്രാ ആനുകൂല്യം : 800
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
