/kalakaumudi/media/media_files/2026/02/02/sreedharan-2-2026-02-02-08-41-30.jpg)
പൊന്നാനി: കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ സ്വന്തം നിലയ്ക്ക് ഊര്‍ജ്ജിതമാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയില്‍ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും, റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുക. ഫെബ്രുവരി 15 മുതല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ യോഗങ്ങള്‍ ആരംഭിക്കും. ആദ്യ യോഗങ്ങള്‍ മലപ്പുറത്തായിരിക്കും നടക്കുക. മലപ്പുറത്തിന് പിന്നാലെ അതിവേഗ റെയില്‍ കടന്നുപോകുന്ന മറ്റ് ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇ ശ്രീധരന്‍ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 16-ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളില്‍ ഡിഎംആര്‍സിക്ക് ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി റെയില്‍വേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ-റെയില്‍ വേണ്ടെന്ന് വെച്ചതായി ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇത് പദ്ധതിക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന ആര്‍ആര്‍ടിഎസ് പദ്ധതി വെറുമൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. അത് എന്തായാലും നടപ്പിലാകാന്‍ പോകുന്നില്ലെന്നും ഇ ശ്രീധരന്‍ പരിഹസിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
