ഭൂട്ടാൻ കാറിൽ കുറുക്കു മുറുക്കി ഇ.ഡിയും

കാർ കള്ളക്കടത്തിൽ നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി ഇ.ഡി. കൊച്ചിയിലും ചെന്നൈയിലും കോയമ്പത്തൂരും ഉൾപ്പെടെ 17 ഇടത്ത് പരിശോധന നടന്നു.

author-image
Shyam
New Update
Screenshot 2025-10-07 at 18-53-18 Actor Dulquer Salmaan brings home the firecracker Ferrari 296 GTB this Diwali HT Auto

കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്തിൽ നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി ഇ.ഡി. കൊച്ചിയിലും ചെന്നൈയിലും കോയമ്പത്തൂരും ഉൾപ്പെടെ 17 ഇടത്ത് പരിശോധന നടന്നു.

ദുൽഖറിനെ ചെന്നൈയിൽ നിന്ന് വിളിച്ചുവരുത്തി കൊച്ചിയിൽ മണിക്കൂറുകൾ ചോദ്യം ചെയ്ത് മൊഴി​ രേഖപ്പെടുത്തി​. വാഹനം വാങ്ങി​യതിന്റെ രേഖകൾ ഹാജരാക്കാൻ നടന്മാർക്കുൾപ്പെടെ നി​ർദ്ദേശം നൽകി​.

കസ്റ്റംസാണ് ഭൂട്ടാൻ വാഹന ഇടപാടി​ലെ ക്രമക്കേടുകൾ കണ്ടെത്തി​യത്. വ്യാജരേഖ ചമച്ച് മുന്തിയ കാറുകൾ കടത്തിയതിൽ വിദേശനാണയ വിനിയമ ചട്ടം (ഫെമ) ലംഘിച്ചോയെന്ന് ഇ.ഡി പരിശോധിക്കും. പണമി​ടപാടുകൾ വി​ദേശത്ത് നടത്തി​യെന്നാണ് സംശയി​ക്കുന്നത്. വൈകാതെ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് ഇ.ഡി നീക്കം. രാവിലെ ഏഴിന് തുടങ്ങിയ നടപടി വൈകിട്ടുവരെ നീണ്ടു. സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കി. അമിത്തിന്റെയും മറ്റും വീടുകളി​ൽ കസ്റ്റംസും പരി​ശോധനയി​ൽ പങ്കെടുത്തു.

മിണ്ടാതെ ദുൽഖർ

ഇ.ഡി നിർദ്ദേശപ്രകാരം ചെന്നൈയിലെ വീട്ടിൽ നിന്ന് ഇന്നലെ ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ ദുൽഖർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.ഡി വിളിച്ചിട്ടാണോ എത്തിയതെന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ വീട്ടിലേക്ക് പോയി​.

ഇന്നലെ റെയ്ഡ് നടന്നത്

• എറണാകുളം പനമ്പിള്ളിനഗറിലെ മമ്മൂട്ടി ഹൗസ്

• മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന എളംകുളത്തെ പുതിയ വീട്

• ദുൽഖറിന്റെ ചെന്നൈയിലെ വീട്

• പൃഥ്വിരാജിന്റെ തേവരയിലേയും തോപ്പുംപടിയിലേയും ഫ്ലാറ്റുകൾ

• അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട്

• തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് ഗ്യാരേജ്

• കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂം

• ഇടുക്കി അടിമാലിയിലെ ഗ്യാരേജ്

• തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ
ആഡംബര വാഹനഷോറൂം ഉടമകളുടെ വീടുകൾ

കസ്റ്റംസി​ൽ തുടങ്ങി​ ഇ.ഡി​യി​ലേക്ക്

ഭൂട്ടാനിൽ നിന്ന് തുച്ഛമായ തുകയ്ക്ക് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന സംഘം വൻതുകയ്ക്ക് കൈമാറ്റം ചെയ്തെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇവരെ പൂട്ടുകയാണ് ലക്ഷ്യം. ദുൽഖറിന്റെ മൂന്ന് കാറുകളും അമിത്തിന്റെ ഒരു കാറുമുൾപ്പെടെ 39 വാഹനങ്ങൾ പിടിച്ചെടുത്തു. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽപ്പെട്ടതുമായ വാഹനങ്ങളാണിവ. 25 ലക്ഷം രൂപയിലധികം നൽകിയാണ് വാഹനം താരങ്ങൾ സ്വന്തമാക്കിയത്. കോയമ്പത്തൂരിലെ സംഘം മുഖേന എത്തിച്ച 150 - 200 വാഹനങ്ങൾ ഹിമാചലിൽ അനധികൃതമായി രജിസ്റ്റർ ചെയ്ത് കേരളത്തിൽ എത്തിച്ചു. കള്ളപ്പണ ഇടപാട്, ഇന്ത്യൻ എംബസിയുടെയും മിലിട്ടറിയുടെയും പേരിൽ വ്യാജരേഖ ചമയ്‌ക്കൽ, എം പരിവാഹനിൽ തിരുത്തൽ എന്നിവയും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

BENZ RIDE DULQAR SALMAN enforcement directorate