കൊച്ചി: മാസപ്പടി കേസില്‍ ഇടപെടാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഈ.ഡി ). കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ ) നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇ ഡി കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും റിപ്പോർട്ടകളുണ്ടായിരുന്നു. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.തട്ടിപ്പുനടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.