കൊച്ചി: കതൃക്കടവിലെ മിലേനിയൽസ് (ഇടശേരി) ബാറിൽ ശനിയാഴ്ച രാത്രിയിലുണ്ടായ അക്രമത്തിൽ എറണാകുളം നോർത്ത് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യവിതരണ രേഖയിലെ പൊരുത്തക്കേടിൽ ബാർ ഉടമയ്‌ക്കെതിരെ എക്‌സൈസും കേസെടുത്തു. വൈൻ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് ഇടുക്കി തൊടുപുഴ ഇടവെട്ടി രാമങ്കുളത്ത് വീട്ടിൽ ആർ.എച്ച്. ബഷീറിനെ (39) പരിക്കേൽപ്പിച്ച സംഭവത്തിൽ എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിക്കെതിരെയാണ് പൊലീസിന്റെ ആദ്യകേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ഇവരെ കടന്നുപിടിച്ചതിന് ബഷീറിനെതിരെ എടുത്ത കേസാണ് മറ്റൊന്ന്. ആദ്യ കേസിൽ യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ആശുപത്രിയിൽ കഴിയുന്ന ബഷീറിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അനുമതി ഇല്ലാത്തിടത്ത് മദ്യം വിളമ്പിയതിനാണ് എക്സൈസ് കേസ്.
ശനിയാഴ്ച രാത്രി ബാറിലെ ഡി.ജെ പാർട്ടിക്കിടെ 10.30ഓടെയായിരുന്നു സംഭവം. യുവാവിന് ചെവിക്ക് പിന്നിലാണ് അടിയേറ്റത്. നാല് തുന്നിക്കെട്ടുണ്ട്. ഉദയംപേരൂർ സ്വദേശിനിയും സുഹൃത്തുക്കളടങ്ങുന്ന സംഘവും, ബഷീറും സംഘവും ഡി.ജെ പാർട്ടിക്ക് എത്തിയിരുന്നു. ഇരുണ്ട വെളിച്ചത്തിൽ യുവതിയെ ഇയാൾ കടന്നുപിടിച്ചു. ഒരു തവണ താക്കീത് ചെയ്തെങ്കിലും ആവർത്തിച്ചതോടെ ഇവർ വൈൻ ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നു. ബഹളമായതോടെ ഡി.ജെ നിറുത്തിവച്ചു.
പരിക്കേറ്റ യുവാവിനെ ഉടൻ കലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സന്നാഹം എത്തിയതോടെ നാട്ടുകാരും തടിച്ചുകൂടി. തുടർന്ന് രാത്രി യുവതിയെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഇന്നലെ രാവിലെ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമൊഴി രേഖപ്പെടുത്തിയ ശേഷമാണ് തൊടുപുഴ സ്വദേശിക്കെതിരെ കേസെടുത്ത്. സി.സി.ടിവി ദൃശ്യം പൊലീസ് പരിശോധിച്ച് യുവതിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് ബാർ മറ്റൊരു കമ്പനിക്ക് നടത്തിപ്പിനായി ഉടമ കൈമാറിയത്. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ ഡി.ജെ പതിവാണ്. യു.എ.ഇയിൽ നിന്നുള്ള ഡി.ജെയാണ് സംഭവദിവസം പരിപാടി അവതരിപ്പിച്ചിരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രേഖയിലെ പൊരുത്തക്കേട് എക്‌സൈസ് കണ്ടെത്തിയത്.