/kalakaumudi/media/media_files/2025/07/31/edatwa-2025-07-31-15-28-24.jpg)
ആലപ്പുഴ : ആലപ്പുഴ എടത്വ കോഴിമുക്ക് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ പെരുവഴിയില്‍. എല്‍പി സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. പഴയ കെട്ടിടത്തിന്റെ അപകടവസ്ഥ ചൂണ്ടി കാണിച്ച് രക്ഷിതാവ് ഇന്നലെ പ്രതിഷേധിച്ചിരുന്നു. സംഭവം വാര്‍ത്തയായതോടെ എടത്വ പഞ്ചായത്ത് അധികൃതര്‍ ഇന്ന് സ്‌കൂളിലെത്തി ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. സ്‌കൂളിലെ പുതിയ കെട്ടിടത്തിന് ഇതുവരെ ഫിറ്റ്നസ് നല്‍കിയിട്ടുമില്ല. മുപ്പത് കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
ആലപ്പുഴ എടത്വയിലെ കോഴിമുക്ക് ഗവ. എല്‍പി സ്‌കൂളില്‍ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. കെട്ടിടത്തിന്റെ പട്ടിക ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ഓടുകള്‍ മാറ്റിയിട്ട് വര്‍ഷങ്ങളായി. കുട്ടികള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ചോദിച്ചാണ് സ്‌കൂളിലെ പിടി എ വൈസ് പ്രസിഡന്റ് കൂടിയായ രക്ഷിതാവ് ഇന്നലെ പ്രതിഷേധം നടത്തിയത്. പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് ഉറപ്പാക്കി കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. പഴയ കെട്ടിടത്തിന് കൃത്യമായ പരിശോധന നടത്താതെയാണ് പഞ്ചായത്ത് ഈ വര്‍ഷം ഫിറ്റ്‌നസ് അനുവദിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
2022 ല്‍ 60 ലക്ഷം രൂപ മുടക്കി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് ഇതുവരെ കുട്ടികളെ മാറ്റിയിട്ടില്ല. ഫിറ്റ്‌നസ് ലഭിക്കാത്തതാണ് കാരണം. കെട്ടിടത്തില്‍ കൈവരികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ ബാക്കി ഉള്ളതിനാലാണ് പഞ്ചായത്ത് ഫിറ്റ്‌നസ് നല്‍കാത്തത്. സ്‌കൂള്‍ അധികൃതര്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പിഡബ്ല്യുഡി 2.80 ലക്ഷം രൂപ കൂടി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാനാകുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.