/kalakaumudi/media/media_files/2025/07/17/sivankutty-kollam-2025-07-17-12-25-05.jpg)
തിരുവനന്തപുരം: കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് വിവരം. ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിഥുന്റെ കാല്‍ വഴുതുകയും വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.