പിഎം ശ്രീയില്‍ ചേര്‍ന്നത് അര്‍ഹതപ്പെട്ട ഫണ്ടിനായുള്ള തന്ത്രപരമായ തീരുമാനം: വി. ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.

author-image
Biju
New Update
shivankutty

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഒരു നീക്കത്തെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. 

'കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഒരു നീക്കത്തെയും ഈ സര്‍ക്കാര്‍ അനുവദിക്കില്ല. അതോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ല. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍, കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് കേന്ദ്രം തടഞ്ഞുവട്ടിരിക്കുകയാണ്. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188. 58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശിക 513. 54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ടത് 456.1 കോടി രൂപയാണ്. ഇതെല്ലാം കേന്ദ്രം തടഞ്ഞുവച്ചു. 1158.13 കോടി രൂപയാണ് ഇതുവരെ സംസ്ഥാനത്തിന് നഷ്ടമായത്.

പിഎം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ പദ്ധതിയില്‍ ഒപ്പിടുന്നതിലൂടെ കുടിശിക ഉള്‍പ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. കേന്ദ്രം നല്‍കാമെന്ന് ഇന്നലെ ധാരണയിലായത് 971 കോടി രൂപയാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷം വരുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്', മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്‍ണമായും അംഗീകരിക്കുകയാണെന്ന ചില വാദഗതികള്‍ സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താല്‍പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസരിച്ചാണ് പദ്ധതികള്‍ തയാറാക്കിയത്. അതേ നയം മാത്രമേ തുടരൂ എന്നും മന്ത്രി വ്യക്തമാക്കി.

പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് കേരളം നിന്നു കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പല കാര്യങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ്. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍എസ്എസ് അജണ്ടകള്‍ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും, മന്ത്രി വ്യക്തമാക്കി.