തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓർമ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. അതേസമയം ഒമാൻ ഒഴികേയുള്ള ഗൾഫ് രാജ്യങ്ങളിലാണ് ഇന്നലെയാണ് ബലി പെരുന്നാൾ. ദൈവകൽപ്പന അനുസരിച്ച് പ്രിയ മകൻ ഇസ്മായിലിനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകൾ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ബലി പെരുന്നാൾ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ഇസ്മായിലിനെ ദൈവ കൽപ്പന പ്രകാരം ബലി കൊടുക്കാൻ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നൽകാൻ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പതിവ് പോലെ പള്ളികൾക്ക് പുറമെ പ്രത്യേകമായി തയ്യാറാക്കിയ ഈദ് ഗാഹുകളിൽ പെരുന്നാൾ നമസ്കാരം നടക്കും. ഇതിന് ശേഷമായിരിക്കും ബലി അറുക്കൽ.
ഈദുൽ അദ്ഹ, ബക്രീദ്, ബലി പെരുന്നാൾ, വലിയ പെരുന്നാൾ, ഹജ്ജ് പെരുന്നാൾ എന്നൊക്കെയാണ് ഈ പെരുന്നാൾ അറിയപ്പെടുന്നത്. അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ. ബലി പെരുന്നാൾ എന്നതിൽ നിന്നാണ് വലിയ പെരുന്നാൾ ഉണ്ടാകുന്നത്. എന്നാൽ ഇത് ശരിയായ പ്രയോഗമല്ല. ബക്കരി (ആട്) ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്.