/kalakaumudi/media/media_files/2025/03/30/H2kqrYb1MOjVXDXmMmk2.jpg)
തിരുവനന്തപുരം: അന്നപാനീയങ്ങള്‍ വെടിഞ്ഞും ആരാധനാ കര്‍മങ്ങളില്‍ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തില്‍ ഇസ്ലാം മതവിശ്വസികള്‍ക്ക് ഇന്ന് ഈദുല്‍ ഫിത്ര്‍. വ്രതവിശുദ്ധിയുടെ നിറവില്‍ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാള്‍. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളില്‍ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും ബന്ധുക്കളെ സന്ദര്‍ശിച്ചും വിശ്വാസികള്‍ പെരുന്നാള്‍ കൊണ്ടാടുന്നു.
ജീവിതയാത്രയില്‍ സംഭവിച്ച പാപങ്ങള്‍ കഴുകിക്കളയാനും സര്‍വശക്തന്റെ പ്രീതി കരസ്ഥമാക്കാനും വിശ്വാസികള്‍ റമസാനിന്റെ പകലിരവുകളില്‍ നോമ്പുനോറ്റ് ഹൃദയമുരുകി പ്രാര്‍ഥിച്ചു. മനസ്സും ശരീരവും വെണ്‍മയുള്ളതാക്കി പുത്തന്‍ ഉണര്‍വോടെ ഓരോ വിശ്വാസിയും റമസാനോട് വിട പറഞ്ഞ് ശവ്വാല്‍ മാസത്തിലേക്ക് കടക്കുകയും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയും ചെയ്യുന്നു. രാവിലെ ഏഴു മണി മുതല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാള്‍ നമസ്‌കാരം നടത്തിയത്.
കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം, പെരുമണ്ണ സിന്‍സിയര്‍ ഫുട്‌ബോള്‍ ടര്‍ഫ്, എരഞ്ഞിക്കല്‍ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്‌കൂള്‍ ഗ്രൗണ്ട്, പുറക്കാട്ടിരി ഹില്‍ടോപ്പ് പാര്‍ക്കിങ് ഗ്രൗണ്ട്, മെഡിക്കല്‍ കോളജ് റഹ്‌മാനിയ സ്‌കൂള്‍ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്ജിദ്, നടക്കാവ് ജില്ലാ മസ്ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വന്‍ഷന്‍ സെന്റര്‍, ബേപ്പൂര്‍ മെയിന്‍ റോഡ് ടര്‍ഫ് ഗ്രൗണ്ട്, കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തത്.
കെഎന്‍എം സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. പെരുന്നാള്‍ ഖുതുബകളിലും ലഹരിക്കെതിരായി സമൂഹത്തിന്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലുമായിരുന്നു പ്രധാന ഈദ് ഗാഹുകള്‍. ഗ്രേറ്റര്‍ കൊച്ചി ഈദ് ഗാഹ് കമ്മിറ്റിയാണ് മറൈന്‍ ഡ്രൈവില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചത്. 7.15ന് പ്രഭാഷകനും എഴുത്തുകാരനുമായ സദറുദ്ദീന്‍ വാഴക്കാട് ഇവിടെ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. കലൂര്‍ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 7.15ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹ് നമസ്‌കാരത്തിന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ സുബൈര്‍ പീടിയേക്കല്‍ നേതൃത്വം നല്‍കി.
ഖത്തീബുമാരുടെ ഖുതുബ കൂടി ശ്രവിച്ചാണ് വിശ്വാസികള്‍ നമസ്‌കാരത്തിനു ശേഷം മടങ്ങിയത്. സമൂഹത്തില്‍ മദ്യം, ലഹരി മരുന്ന് പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള മനസ്സുറപ്പോടെയും ആത്മചൈതന്യം നിലനിര്‍ത്തി നല്ല നാളേക്കായി പോരാടാനുമുള്ള വാക്കുകള്‍ ശ്രവിച്ചാണ് വിശ്വാസികളുടെ മടക്കം.
മൈത്രി പൂത്തുലയട്ടെ: സാദിഖലി തങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേര്‍ത്തു മര്‍ദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാള്‍ ആഘോഷിക്കണമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഒരു മാസം വ്രതമെടുത്തു കാത്തിരുന്നതാണ് ഈ പെരുന്നാള്‍; വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്നു നോക്കാനുള്ള അവസരം.
മതിമറന്ന് ആഘോഷിക്കാനല്ല, മതബന്ധമായ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലുകളാണു വേണ്ടത്. ജാതി, മത, വര്‍ഗ, വര്‍ണ അതിരുകള്‍ ഭേദിച്ചു മൈത്രി പൂത്തുലയണം. സമ്പൂര്‍ണമായ സന്തോഷമാണ് അല്ലാഹു വിശ്വാസികള്‍ക്കു കനിഞ്ഞേകിയത്. ആരാധനകള്‍ നിര്‍വഹിച്ചും അവന്റെ കല്‍പനകള്‍ പാലിച്ചും മനുഷ്യനെ എല്ലാം മറന്ന് ആലിംഗനം ചെയ്തുമാണു സന്തോഷം പ്രകടിപ്പിക്കേണ്ടത്.
വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധര്‍മങ്ങളിലൂടെ ലഘൂകരിച്ചും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ക്കുന്ന സാമൂഹിക വിപ്ലവമാണു റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍.
പെരുന്നാള്‍ ദിനത്തില്‍ ആരും വിശന്നിരിക്കരുത്. എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്നു വ്രതം അനുവദനീയമല്ല. ഒരു മാസത്തെ വ്രതത്തെ പൂര്‍ണതയില്‍ സ്വീകരിക്കപ്പെടാന്‍ നാട്ടിലെ മുഖ്യാഹാരം (ഫിത്തര്‍ സകാത്ത്) നിശ്ചിത അളവില്‍ കുറയാതെ അര്‍ഹര്‍ക്ക് എത്തിച്ചു നല്‍കണമെന്ന് അനുബന്ധമായി ചേര്‍ത്തുവച്ചതു സമഭാവനയെ അടിവരയിട്ട് ഓര്‍മിപ്പിക്കാന്‍ കൂടിയാണ്.
മദ്യവും ലഹരിമരുന്നും ഉള്‍പ്പെടെയുള്ള അധാര്‍മികതകള്‍ക്കെതിരെ ജാഗ്രതയോടെ പ്രതിജ്ഞ പുതുക്കുകയും വേണം. മതത്തിനോ, ജാതിക്കോ വിഭാഗീയതയ്‌ക്കോ ലഹരിയുമായി ബന്ധമില്ല. ലഹരി വ്യക്തിയെയും കുടുംബത്തെയും നാടിനെയും രാജ്യത്തെയുമാകെ നശിപ്പിക്കുന്ന, അരാജകത്വത്തിലേക്കു തള്ളിവിടുന്ന കൊടും വിഷമാണ്. താല്‍ക്കാലികാസ്വാദനത്തിനായി ആ ദൂഷിത വലയത്തിലകപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനും സന്മാര്‍ഗത്തില്‍ ചേര്‍ത്തുനിര്‍ത്താനും വിശ്വാസികള്‍ക്കും മഹല്ലു സംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം ബാധ്യതയുണ്ട്.
മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങള്‍ കാണുന്ന ഭരണകൂടങ്ങള്‍ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം, ലഹരിമുക്തരാജ്യമെന്ന ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക ലക്ഷ്യത്തോടു ചേര്‍ന്നുനില്‍ക്കാനും പരിശ്രമിക്കണം.
പെരുന്നാള്‍ നമസ്‌കാരവും ഫിത്തര്‍ സകാത്തുമാണു ചെറിയ പെരുന്നാള്‍ ദിനത്തിന്റെ മുഖ്യ കര്‍മങ്ങള്‍. അത്തറു പൂശി, പുതിയ വസ്ത്രങ്ങള്‍ ധരിച്ചു തക്ബീര്‍ ധ്വനികളോടെ പള്ളിയിലേക്കു പോകുന്നതും ബന്ധങ്ങള്‍ കൂട്ടിയിണക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമെല്ലാമാണു പെരുന്നാളിന്റെ പൊലിമ. പെരുന്നാള്‍ കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ഥനാ നിര്‍ഭരമായ സ്വത്വപ്രഖ്യാപനമാണ്. എല്ലാവര്‍ക്കും ഹൃദ്യമായ ചെറിയ പെരുന്നാള്‍ ആശംസകള്‍; അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്...
പുതുജീവിതത്തിന്റെ തുടക്കം: ഖലീല്‍ ബുഖാരി തങ്ങള്‍
സഹനത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും വ്രതക്കാലത്തിനു വിരാമം. ഇനി സന്തോഷപ്പെരുന്നാള്‍. ഇതു നവീകരണത്തിന്റെയും നന്ദിയുടെയും നന്മകള്‍ക്കായുള്ള സമര്‍പ്പണത്തിന്റെയും സമയമാണ്. അനുഗൃഹീതമായ നോമ്പിന്റെ മാസത്തില്‍ നാം പഠിച്ച ക്ഷമ, അനുകമ്പ, ആത്മനിയന്ത്രണം തുടങ്ങിയവയോടൊത്തുള്ള പുതുജീവിതത്തിന്റെ തുടക്കമാണു ചെറിയ പെരുന്നാളെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഈദ് എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ. നമ്മുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മീയ വളര്‍ച്ചയുടെയും നവീകരണത്തിന്റെയും അതുല്യവേളയായി പെരുന്നാളിനെ മാറ്റാന്‍ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെ കരങ്ങള്‍ നീളണം. പ്രാര്‍ഥനകളില്‍ അവരെ ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ രാജ്യവും സമൂഹവും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാനുള്ള ജാഗ്രതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള സഹനബോധവും വിശുദ്ധ റമസാന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ആ കരുത്തുമായി മുന്നേറാനുള്ള പ്രചോദനമാകട്ടെ ഈദുല്‍ ഫിത്ര്‍. എല്ലാവര്‍ക്കും ഈദ് മുബാറക്! നമുക്ക് ഈദിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വര്‍ഷം മുഴുവനും വഹിക്കുകയും ചെയ്യാം.
വേണ്ടത് ആത്മാവിന്റെ ശുദ്ധീകരണം: ആലിക്കുട്ടി മുസല്യാര്‍
ആത്മീയമായ ഉണര്‍വിലൂടെ റമസാന്‍ നേടിത്തന്ന ഊര്‍ജം കൈമുതലാക്കി നിലകൊള്ളണമെന്നും പരസ്പര സ്നേഹവും കാരുണ്യവും കൈമാറ്റം ചെയ്തു നല്ല മനസ്സിന്റെ ഉടമകളായി തീരാനുള്ള സുകൃത നിമിഷങ്ങളാവട്ടെ പെരുന്നാള്‍ ആഘോഷമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാര്‍ ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ആത്മാവിന്റെ ശുദ്ധീകരണമാണു റമസാനിന്റെ അന്തഃസത്ത. ഫിത്തര്‍ സക്കാത്ത് ചെറിയ പെരുന്നാള്‍ ദിനത്തിലെ പ്രധാന ആരാധനയാണ്. അക്രമങ്ങളും അനീതിയും പകയും വിദ്വേഷവും ഭീതിയുളവാക്കുമ്പോള്‍, സത്യസന്ധതയുടെയും നീതിയുടെയും നന്മവാഹകരായി, മാതൃകയായി തീരുകയാണു വിശ്വാസി. അതിനുള്ള പരിശീലനമാണു റമസാന്‍ മാസം നല്‍കുന്നത്. ഇതു കൈമുതലാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനുള്ള വേള കൂടിയാണു പെരുന്നാള്‍ ദിനം. പീഡനമനുഭവിക്കുന്നവര്‍, പട്ടിണിപ്പാവങ്ങള്‍, അഭയാര്‍ഥികള്‍, രോഗികള്‍, പരസ്പരം പരിചരണം ആവശ്യമുള്ളവര്‍ തുടങ്ങിയവരെ ചേര്‍ത്തുപിടിക്കാനും കാരുണ്യം ചൊരിയാനും പെരുന്നാള്‍ ദിനത്തില്‍ ശ്രദ്ധ ചെലുത്തണം. പെരുന്നാള്‍ ദിനത്തില്‍ പലസ്തീന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി മനമുരുകി പ്രാര്‍ഥിക്കുക.
തിന്മയുടെ താക്കോലായ ലഹരിക്കെതിരെ സമൂഹത്തെ ഉദ്ബുദ്ധരാക്കിയും ഇവ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും സമൂഹത്തില്‍ മാതൃകയാവാനുള്ള പ്രതിജ്ഞാ വേളയാവട്ടെ ചെറിയ പെരുന്നാള്‍ ആഘോഷമെന്നും ആലിക്കുട്ടി മുസല്യാര്‍ ആശംസിച്ചു.
മനുഷ്യരോടുള്ള ബാധ്യതാനിര്‍വഹണം വിശ്വാസത്തിന്റെ ജീവാത്മാവ്: മലപ്പുറം ഖാസി
റമസാന്‍ വ്രതത്തിലൂടെ നേടിയ സഹനവും ആത്മശുദ്ധിയും മനുഷ്യസ്‌നേഹത്തിനു പ്രേരണയാകണമെന്നു മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വേദനയനുഭവിക്കുന്ന സഹജീവിയെ തിരിച്ചറിയാന്‍ പ്രേരണ നല്‍കിയ വ്രതം, പട്ടിണിയുടെ തീക്ഷ്ണത എന്താണെന്നു വിശ്വാസികളെ ബോധ്യപ്പെടുത്തി. മനുഷ്യരോടുള്ള ബാധ്യതാനിര്‍വഹണം മതവിശ്വാസത്തിന്റെ ജീവാത്മാവാണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ വ്യക്തിത്വം നിലനിര്‍ത്തി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം വേണം. സ്‌നേഹസംഗമങ്ങളിലൂടെ പെരുന്നാള്‍ സന്ദേശം സഹോദര സമുദായങ്ങള്‍ക്കു കൂടി എത്തിച്ചുകൊടുക്കണമെന്നും ഖാസി പറഞ്ഞു.
പ്രതിജ്ഞാ വേള കൂടിയാണു പെരുന്നാള്‍: ജിഫ്രി തങ്ങള്‍
വിശുദ്ധ റമസാനിന്റെ ആത്മീയ ചൈതന്യത്തെ ജീവിത കര്‍മപഥത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പോടു കൂടി പെരുന്നാള്‍ ആഘോഷം ധന്യമാക്കണമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഒരു മാസത്തെ റമസാന്‍ കാലത്തു വ്രതാനുഷ്ഠാനത്തിലൂടെയും മറ്റ് ആരാധന കര്‍മങ്ങളിലൂടെയും വിശുദ്ധി കൈവരിക്കാനുള്ള പ്രയത്‌നമാണു നാം ശീലിച്ചത്. സ്ഫുടം ചെയ്ത മനസ്സുമായി ശിഷ്ട ജീവിതം നയിക്കാനുള്ള ആത്മീയമ ായ കരുത്താണ് റമസാന്‍.
നന്മയുടെ വാഹകരാവുകയും തിന്മയെ പ്രതിരോധിക്കുകയും ചെയ്തു ശിഷ്ടകാല ജീവിതം അര്‍ഥപൂര്‍ണമാക്കാനുള്ള പ്രതിജ്ഞാ വേളകൂടിയാണു പെരുന്നാള്‍. പരസ്പര സ്നേഹവും സൗഹൃദവും മാനുഷിക നന്മയും നിലനിര്‍ത്തി ആഘോഷത്തെ അര്‍ഥപൂര്‍ണമാക്കണം.
വിശുദ്ധ റമസാന്‍ രാപകലുകളിലും പലസ്തീനിലെ ഗാസയില്‍ നിരപരാധികള്‍ക്കു നേരെ നിഷ്ഠുരമായ ആക്രമണങ്ങളാണു തുടര്‍ന്നത്. ദിവസവും മരിച്ചു വീഴുന്ന പലസ്തീനികളുടെ വേദനയ്‌ക്കൊപ്പം നിലകൊള്ളണം. ചെറിയ പെരുന്നാളിന്റെ ധന്യനിമിഷത്തില്‍ ഗാസയിലെ ജനതയ്ക്കുവേണ്ടി മനമുരുകി പ്രാര്‍ഥിക്കണം.
വര്‍ധിച്ചു വരുന്ന ലഹരിയുടെയും ക്രൂരകൃത്യങ്ങളുടെയും ദുരന്തം ഏറെ ഭയാനകമാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പു വേണം. നന്മയും സ്നേഹവും സൗഹാര്‍ദവും പരസ്പരം കൈമാറ്റം ചെയ്തു മനസ്സുകള്‍ സ്ഫുടം ചെയ്തു വിശുദ്ധി കൈവരിക്കാന്‍ പെരുന്നാള്‍ ആഘോഷത്തിലൂടെ സാധ്യമാവട്ടെയെന്നു തങ്ങള്‍ ആശംസിച്ചു.
ആശംസകളര്‍പ്പിച്ച് കെഎന്‍എം
വിശുദ്ധ റമസാനിലെ പ്രാര്‍ഥനാനിര്‍ഭരമായ ദിവസങ്ങളിലെ ആത്മവിശുദ്ധി കൈവരിച്ചു ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസിസമൂഹത്തിനു കെഎന്‍എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡന്റ് സി.പി.ഉമര്‍ സുല്ലമിയും ജനറല്‍ സെക്രട്ടറി എം.അഹമ്മദ്കുട്ടി മദനിയും ഈദ് ആശംസകളര്‍പ്പിച്ചു. കൂട്ടക്കുരുതിക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പലസ്തീനികള്‍ക്കുവേണ്ടി ദൈവത്തിലേക്കു കൈ ഉയര്‍ത്താന്‍ നേതാക്കള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഈദ്ഗാഹുകളില്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക ഭദ്രത തകര്‍ക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ പോരാടാന്‍ യുവാക്കളെ സജ്ജമാക്കണം. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാടുമെന്നു പ്രതിജ്ഞ ചെയ്യണം. രാജ്യത്തു സംഘപരിവാര്‍ ഫാഷിസം വീണ്ടും ക്രൂരമുഖം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.