/kalakaumudi/media/media_files/2025/05/08/K2NGKcKEh8Kr7JCbM6to.png)
കൊച്ചി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ഉയർന്നുനിൽക്കുന്ന ജില്ലകൾ അടയാളപ്പെടുത്തുന്ന 'ഹോട്ട് സ്‌പോട്ട്' പട്ടികയിൽ ഉൾപ്പെട്ട് തൃശൂരും പാലക്കാടും. ഇതോടെ ഈ പട്ടികയിലുള്ള സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം എട്ടായി. കോഴിക്കോട്, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളായിരുന്നു മറ്റ് ഹോട്ട് സ്‌പോട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കീഴിലുള്ള നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഗ്രഡ് ഡിമാൻഡ് റിഡക്ഷനാണ് (എൻ.എ.പി.ഡി.ഡി.ആർ) പട്ടിക തയ്യാറാക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന കേസുകളും മറ്റും അടിസ്ഥാനപ്പെടുത്തി നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിശ്ചയിക്കുന്നത്. രാജ്യത്ത് 275 ജില്ലകൾ പട്ടികയിലുണ്ട്. 2020ൽ കേരളത്തിലെ നാല് ജില്ലകളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീടത് ആറിലേക്ക് ഉയർന്നു. ലഹരി വ്യാപനം കുറയ്ക്കാനായുള്ള തീവ്രശ്രമത്തിനിടെയാണ് രണ്ട് ജില്ലകൾകൂടി ഹോട്ട് സ്‌പോട്ടിലേക്കെത്തിയത്. 38 ജില്ലകളുള്ള തമിഴ്‌നാട്ടിൽ വെറും നാല് എണ്ണം മാത്രമേ പട്ടികയിലുള്ളൂ.