താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയ്ക്ക് അതിക്രൂരമർദ്ദനം ;ഭർത്താവ് പിടിയിൽ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവതിക്ക് നേരെ ഷാഹിദ് നിരന്തരമായ ശാരീരിക പീഡനം നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.ഏറ്റവും ഒടുവില്‍, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി പൊള്ളിക്കുകയായിരുന്നു

author-image
Devina
New Update
police jeep

കോഴിക്കോട്: താമരശേരിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ പങ്കാളി പിടിയില്‍.

 കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ ആണ് അറസ്റ്റിലായത്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവതിക്ക് നേരെ ഷാഹിദ് നിരന്തരമായ ശാരീരിക പീഡനം നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.

 ഏറ്റവും ഒടുവില്‍, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി പൊള്ളിക്കുകയായിരുന്നു.

 യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ലഹരിക്ക് അടിമയായ യുവാവ് സംശയരോഗി കൂടിയാണെന്നും പരാതിയില്‍ പറയുന്നു.

20-ാം തീയതി മുറിയില്‍ പൂട്ടിയിട്ടു. നാലുദിവസത്തോളമാണ് മുറിയില്‍ അടച്ചിട്ടത്.

ഫോണ്‍ നല്‍കാത്തതിലുള്ള പ്രതികാരമായി വായില്‍ തുണി തിരുകി ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.

കണ്ണിനും പരിക്കുണ്ട്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഷാഹിദിനെ പൊലീസ് നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.