ആലപ്പുഴയില്‍ പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ വൈറസ്സ് ബാധ

തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ദേവനാരായണന്റെ നേര്‍ക്ക് നായ തിരിയുകയും നായയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

author-image
Vishnupriya
Updated On
New Update
deva

ദേവനാരായണന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിപ്പാട്: ആലപ്പുഴയില്‍ എട്ട് വയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ (8) ആണ് മരിച്ചത്.  ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ മരണം സംഭവിച്ചു.

ഏപ്രില്‍ 23-ന് തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ദേവനാരായണന്റെ നേര്‍ക്ക് നായ തിരിയുകയും നായയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണതായി അന്ന് ചിലര്‍ സംശയം പറഞ്ഞിരുന്നു.

കുട്ടിയുടെ ദേഹത്ത് നായകടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പാടുകള്‍ക്ക് മരുന്ന് വച്ചതിന് ശേഷം ആശുപത്രി വിടുകയായിരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള കോട്ടയ്ക്കകം മങ്ങാട്ട് പുത്തന്‍ വീട്ടില്‍ ശാന്തമ്മയുടെ കറവപ്പശുവും പേവിഷബാധയേറ്റ് ചത്തിരുന്നു. കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്സിന്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ മറ്റ് സുഹൃത്തുക്കള്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടി ആരംഭിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും. അമ്മ: രാധിക, സഹോദരി: ദേവനന്ദ

rabies