എലപ്പുള്ളിയിലെ വിവാദ കമ്പനിക്ക് വെള്ളം എടുക്കാന്‍ അനുമതി നല്‍കി പഞ്ചായത്ത്

ഈ മാസം 17-നാണ് വെള്ളം എടുക്കാന്‍ അനുമതി തേടി ഒയാസിസ് കമ്പനി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് പഞ്ചായത്ത് വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്കുവെച്ചത്

author-image
Biju
New Update
vellam

പാലക്കാട്: എലപ്പുള്ളിയിലെ വിവാദ കമ്പനിക്ക് വെള്ളം എടുക്കാന്‍ അനുമതി നല്‍കി സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്. കമ്പനിയുടെ കെട്ടിട നിര്‍മാണത്തിനാണ് വാളയാര്‍, കോരയാര്‍ പുഴകളില്‍നിന്ന് വെളളം എടുക്കാന്‍ ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയത്. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വകവെക്കാതെയാണ് പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതി രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ അനുമതി പാസ്സാക്കിയത്.

ഈ മാസം 17-നാണ് വെള്ളം എടുക്കാന്‍ അനുമതി തേടി ഒയാസിസ് കമ്പനി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് പഞ്ചായത്ത് വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്കുവെച്ചത്. പുഴയില്‍നിന്ന് വെള്ളം എടുക്കുന്നത് കൃഷിയേയോ കുടിവെള്ളത്തേയോ ബാധിക്കില്ലെന്നും വ്യവസായത്തിന് പിന്തുണ നല്‍കുന്നതാണ് തീരുമാനമെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. അനുമതിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം. 

സര്‍ക്കാരും സിപിഎമ്മും മദ്യക്കമ്പനിക്കായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് സര്‍ക്കാര്‍ പ്ലാന്റുമായി മുന്നോട്ട് പോകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

ഒയാസിസ് മദ്യക്കമ്പനിക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എലപ്പുള്ളി പഞ്ചായത്ത് തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒയാസിസ് കമ്പനിക്കെതിരെ അജണ്ട പാസ്സാക്കാന്‍ ഭരണ സമിതി യോഗം ചേര്‍ന്നത്. ഒയാസിസ് കമ്പനിക്കെതിരെ ഹൈക്കോടതിയെ തീരുമാനിക്കാനുള്ള അജണ്ട യോഗത്തില്‍ പാസ്സാക്കി. മുഴുവന്‍ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടേയും പിന്തുണയോടെയാണ് അജണ്ട പാസ്സാക്കിയത്.

സര്‍ക്കാരിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. നിയമനടപടിക്ക് പഞ്ചായത്തിന്റെ പണം ചെലവഴിക്കാന്‍ കഴിയില്ലെങ്കില്‍ വ്യക്തികള്‍ പണം ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.