elathur train arson case trial proceedings from september
കൊച്ചി:കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൽ തീവെപ്പ് കേസിൽ വിചാരണ നടപടികൽ സെപ്തംബർ ആദ്യവാരം ആരംഭിക്കും. ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് കേസിൽ പ്രതി. കേസ് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിക്കായി മാറ്റി.
2023 സെപ്റ്റംബറിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച കേസിൽ ഈ വർഷം ജനുവരിയിലായിരുന്നു വിചാരണ ആരംഭിക്കാനിരുന്നത്. എന്നാൽ എൻഐഎ കുറ്റപത്രം സമർപ്പിച്ച മറ്റു കേസുകളിൽ വിചാരണ പൂർത്തിയാകാത്തതിനാൽ ഈ കേസിലെ വിചാരണ വൈകുകയായിരുന്നു.
2023 ഏപ്രിൽ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ ഒരു കംപാർട്ട്‌മെന്റിൽ കടന്നുകയറി ഷാരൂഖ് സെയ്ഫി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവക്കുകയായിരുന്നു. തീ പടർന്നുപിടിച്ച പരിഭ്രാന്തിയിൽ രക്ഷപെടാൻ ട്രയിനിൽ നിന്ന് ചാടിയ 3 പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 9 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
ജിഹാദി പ്രവർത്തനം തന്നെയായിരുന്നു ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടതെന്നും പ്രതിയുടേത് ഭീകരപ്രവർത്തനമാണെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മതഭീകര ആശയങ്ങൾ ഇയാൾ പിന്തുടർന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം ഷാരൂഖിന്റെ മനോനിലയും പരിശോധിച്ചിരുന്നു.
ഭീകരവാദ പ്രസംഗങ്ങൾ നടത്തുന്ന പാകിസ്താനിലെ മത പ്രചാരകരെ സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ പതിവായി പിന്തുടരുകയും, വിവാദ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ കേരള പൊലീസ് അന്വേഷിച്ചെങ്കിലും സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് എൻഐഎ ഏറ്റെടുത്തത്.