മഴയില്‍ മുങ്ങി തിരുവനന്തപുരം; മതിലിടിഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ട സാഹചര്യത്തില്‍ 26-ാം തീയതി വരെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

author-image
Biju
New Update
neyya

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വിവിധ മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ തുടര്‍ന്ന് പെയ്യുകയാണ്. നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വൃദ്ധ മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. മഴയോര മേഖലയില്‍ രാത്രിയിലടക്കം കനത്ത മഴ ഉണ്ടായിരുന്നു.

സരോജിനിയുടെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് കുതിര്‍ന്ന് ഇടിഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലേക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ട സാഹചര്യത്തില്‍ 26-ാം തീയതി വരെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റുണ്ടാകും എന്നതിനാല്‍ മലയോര മേഖലയില്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.