/kalakaumudi/media/media_files/2025/08/01/fire-2025-08-01-12-21-28.jpg)
വൈപ്പിൻ: ഗ്യാസിൽ പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ അമ്മയേയും മരുമകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറായി പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 18ൽ പണ്ടാരപ്പറമ്പിൽ വീട്ടിൽ കമലം (78), മരുമകൾ അനിത (50 ) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം.
ഗ്യാസിൽ നിന്ന് തീ പടർന്ന് കമലത്തിനാണ് ആദ്യം പൊള്ളലേറ്റത്. കമലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിതക്കും പൊള്ളലേറ്റു. കമലയെ നോർത്ത് പറവൂർ ഗവ.ആശുപത്രിയിലും സാരമായി പൊള്ളലേറ്റ അനിതയെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നാട്ടുകാർ അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് എക്സ്റ്റിഗ്യൂഷർ കൊണ്ടു വന്ന് തീ അണച്ചുവെങ്കിലും ഗ്യാസ് ചോരുന്നത് തടയാനായില്ല. പറവൂർ ഫയർ ആൻഡ് റെസ്‌ക്യു നിലയത്തിൽ നിന്ന് സീനിയർ ഓഫീസർ ബേബി ജോണിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ എത്തി ഗ്യാസ് ലീക്ക് ഒഴിവാക്കി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. എസ്. രഞ്ജിത്ത്, അലൻ, എം. ജോസഫ്, കെ. എസ്. മനു, മഹമൂദ് എന്നിവർ പങ്കെടുത്തു. മുനമ്പം പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.