തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ തുടങ്ങി; അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന്

author-image
Anagha Rajeev
New Update
jkj
Listen to this article
0.75x 1x 1.5x
00:00 / 00:00

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.


ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാവുന്നതാണ്.

election voter list