ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി;പദ്ധതിയുടെ നിർമ്മാണം മേയില്‍ ആരംഭിക്കും

ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും കൊച്ചി കോർപ്പറേഷനുമായി ചേർന്ന് തയ്യാറാക്കിയ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഈ പ്ലാന്റും ഉൾപ്പെട്ടിട്ടുണ്ട്

author-image
Devina
New Update
brahmapuram

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിർമ്മാണം മേയിൽ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം. ബ്രഹ്മപുരത്ത് 500 ടൺ ശേഷിയുള്ള മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമ്മാണമാണ് മേയിൽ ആരംഭിക്കുക. പദ്ധതിയുടെ നടത്തിപ്പിന് സഹായിക്കാനുള്ള ട്രാൻസാക്ഷൻ അഡൈ്വസേഴ്‌സിനെ നിയോഗിക്കാനായി ശുചിത്വ മിഷൻ സെപ്റ്റംബറിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു.

ജൈവമാലിന്യത്തിൽ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്ന പ്ലാന്റിന്റെ നിർമ്മാണം ബ്രഹ്മപുരത്ത് പൂർത്തിയായിട്ടുണ്ട്. എന്നാൽ പുനരുപയോഗിക്കാനാകാത്ത, കത്തിച്ച് ഇന്ധനമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. 

നിലവിൽ ഇത് സംസ്‌കരിക്കാൻ സംസ്ഥാനത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുകയാണ്.സംസ്ഥാനത്തുണ്ടാകുന്ന ഇത്തരം മാലിന്യം മുഴുവൻ കത്തിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും കൊച്ചി കോർപ്പറേഷനുമായി ചേർന്ന് തയ്യാറാക്കിയ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഈ പ്ലാന്റും ഉൾപ്പെട്ടിട്ടുണ്ട്.

 പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള സർക്കാർ പ്രഖ്യാപനത്തെ കൊച്ചി കോർപറേഷൻ മേയർ വി കെ മിനിമോൾ സ്വാഗതം ചെയ്തു. ബ്രഹ്മപുരത്ത് നേരത്തെ രണ്ടുവട്ടം സമാനമായ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുകയും പിന്നീട് സർക്കാർ പിന്മാറുകയും ചെയ്തിരുന്നു.