ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

2012ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും ആ മാര്‍ഗരേഖയ്ക്കപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.

author-image
Prana
New Update
elephant parade

2012 ലെ ചട്ടങ്ങള്‍ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത സുപ്രീം കോടതി 2012ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും ആ മാര്‍ഗരേഖയ്ക്കപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലെ ആനകള്‍ക്ക് എങ്ങനെ മൂന്ന് മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു. പകല്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മിക്ക ആഘോഷങ്ങളുടേയും സമയം പകല്‍ അഞ്ച് മുതല്‍ ഒമ്പത് മണി വരേയാണെന്നും അതിനാല്‍ ആ നിര്‍ദേശം പാലിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കടുത്ത നിലപാടാണ് സ്വീകരിച്ചത് . രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി പറഞ്ഞു.
അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിതന്നെ മാനദണ്ഡം കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരേ വിവധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴും തുടരണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു.

elephant parade High Court stay Supreme Court