കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബിച്ച് എന്‍ക്ലേവ് റിസോർട്ടിൽ ഉച്ചയോടെയാണ് സംഭവം. റിസോർട്ടിലേക്ക് പെട്രോൾ ഒഴിച്ച ശേഷം ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.
റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമൻ ആക്രമണം നടത്തിയത്. റിസോര്‍ട്ടിന്റെ താഴത്തെ നിലയിലെ റൂമിനകത്ത് വളര്‍ത്തുനായകളെ അടച്ചിടുകയും തുടർന്ന് ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.
കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തില്‍ രണ്ട് നായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു പോവുകയായിരുന്നു . പിന്നീട് ഇയാളെ ഇവിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ട് ഭാഗീകമായും കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.