സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഇപിക്കും മുകേഷിനും വിമര്‍ശനം

ഇപി. ജയരാജന്റേത് കമ്യൂണിസ്റ്റിനു നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

author-image
Prana
New Update
mukesh cpm

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജനും എം മുകേഷ് എംഎല്‍എക്കുമെതിരേ കടുത്ത വിമര്‍ശനം. ഇപി. ജയരാജന്റേത് കമ്യൂണിസ്റ്റിനു നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയതെന്നും സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു.
ഏഴ് ഏരിയ കമ്മറ്റികളാണ് ഇരുവര്‍ക്കുമെതിരേ വിമര്‍ശനമുന്നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയം പുറത്തുവന്നത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സമ്മേളനത്തില്‍ പൊതുവായി ആക്ഷേപം ഉയര്‍ന്നത്. ചടയമംഗലം ഏരിയ കമ്മറ്റിയില്‍ നിന്നുള്ള അംഗങ്ങളാണ് മുകേഷിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പോലും ഇത്തരം ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പലപ്പോഴും മുകേഷില്‍ നിന്ന് സ്ഥാനാര്‍ഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
കേന്ദ്ര കമ്മറ്റിയംഗം എകെ ബാലനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എകെ ബാലന്‍ സ്ഥാനാര്‍ഥി സരിന്റെ ചിഹ്നം പരിചയപ്പെടുത്തിയത് വളരെ മോശമായിട്ടായിരുന്നുവെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു വിമര്‍ശനം.

ep jayarajan mukesh kollam cpm