കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വടകരയിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻഷോട്ടിനു പിന്നിൽ യുഡിഎഫ് തന്നെയെന്ന് ഇപി ജയരാജൻ. കോടതിയിലെ വിചാരണ ഘട്ടത്തിൽ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിക്കുന്നത് എന്ന് ഇപ്പോൾ പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്ന് ജയരാജൻ പറഞ്ഞു. അതിന് അവരോടു നന്ദിയുണ്ട്. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വച്ചുകൊണ്ടാണ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതു കോടതിയിൽ തെളിയിക്കലാണ് ഇനി ചെയ്യാനുള്ളത്. ആ ഘട്ടത്തിൽ യുഡിഎഫിന്റെ പങ്കു പുറത്തുവരുമെന്ന് ജയരാജൻ പറഞ്ഞു.
സ്‌ക്രീൻഷോട്ട് പ്രചരിച്ചതിൽ യുഡിഎഫിന്റെ പങ്കാളിത്തം, യൂത്ത് കോൺഗ്രസ് നേതാവിന്റെ പങ്കാളിത്തം, അതിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർ എല്ലാം വിചാരണ ഘട്ടത്തിൽ പുറത്തുവരും. പ്രാഥമികമായ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോഴത്തെ റിപ്പോർട്ടിലുള്ളത്.
സ്‌ക്രീൻ ഷോട്ടിനു പിന്നിൽ യുഡിഎഫ് ആണെന്നതിന് എന്താണിത്ര സംശയം? യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോ? കോടതിയിൽ വരട്ടെ, എല്ലാ കാര്യങ്ങളും ഞങ്ങൾ ഹാജരാക്കും.