ഇ.പി. ജയരാജന്‍ ആത്മകഥാവിവാദം; ഡിസി ബുക്‌സിനെതിരെ കേസ്

ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

author-image
Punnya
New Update
EP Jayarajan.

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ. വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥ ചേര്‍ന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇ. പി. പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്. ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ. വി. ശ്രീകുമാര്‍ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിലെത്തി എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതല്‍ ഇപി ജയരാജന്റെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കില്‍ ഇപി വീണ്ടും പരാതി നല്‍കണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തില്‍ പുറത്തുവന്നത് തന്നെ കുടുക്കാനാണോ എന്നും ഇ. പി. ജയരാജന്‍ സംശയമുന്നയിച്ചിരുന്നു.

 

ep jayarajan dc books autobiography