ഇത് എന്റെയല്ല ;എന്റെ ഗര്‍ഭം ഇങ്ങനല്ല...

ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ്. ഒരു കഥാപാത്രം പറയുന്നുണ്ട്, ഐസ് പോലത്തെ മനസ്സ്...സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കുറിച്ചും ഇങ്ങനെ പറയാം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് ഇപി. ആ തണ്ടും തടിയും കാണുമ്പോള്‍ അല്പം ഭയമൊക്കെ തോന്നും.

author-image
Rajesh T L
New Update
dc

ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ്.ഒരു കഥാപാത്രം പറയുന്നുണ്ട്, ഐസ് പോലത്തെ മനസ്സ്...സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കുറിച്ചും ഇങ്ങനെ പറയാം.ഏറെ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് ഇപി. ആ തണ്ടും തടിയും കാണുമ്പോള്‍ അല്പം ഭയമൊക്കെ തോന്നും..പക്ഷേ,സംസാരിച്ച് തുടങ്ങിയാലോ! അലിഞ്ഞില്ലാതാകും,എല്ലാം.എന്നുവച്ചാല്‍ പ്രശ്‌നം ഐസ് പോലെയാകും എന്നര്‍ത്ഥം. 

പല തവണ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട് ഇപി.കളരിയഭ്യാസിയാണ് ഇപി. വിമാനത്തില്‍ പോലും തന്റെ അഭ്യാസം പുറത്തെടുത്ത് കപ്പുകിട്ടിയിട്ടുള്ള നേതാവാണ്. പ്രതിസന്ധി ഘട്ടത്തിലും പൂഴക്കടകന്‍ ഉള്‍പ്പെടെയുള്ള കളരിമുറകള്‍ എടുത്ത് പ്രയോഗിച്ച് രക്ഷപ്പെടാനുള്ള കഴിവ് കേരള രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കെങ്കിലും ഉണ്ടോ എന്നു സംശയമാണ്. ഇ പി യുടെ പിണക്കങ്ങളും പ്രസിദ്ധമാണ്. ഇന്‍ഡിഗോ വിമാനക്കമ്പനിയോടു പോലും ഇപി പിണങ്ങി. പിണക്കം മാറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇപിയുണ്ടോ വഴങ്ങുന്നു.ട്രെയിനില്‍ യാത്ര ചെയ്ത് പ്രതിഷേധം അറിയിച്ചു ഇപി. അതാണ് ഇപി. 

സിപിഎമ്മിലെ കട്ടന്‍ ചായയും പരിപ്പുവടയും കാലം എന്നൊരു പ്രയോഗവും ഇപിയുടെ സംഭാവനയാണ്. സിപിഎമ്മില്‍ കട്ടന്‍ ചായ പരിപ്പുവട കാലം കഴിഞ്ഞു നേതാക്കള്‍ക്കും പാര്‍ട്ടിക്കും അല്പ സ്വല്പം പുത്തനുണ്ടാക്കാം എന്നാണ് സഖാവ് ഇപി ഉദ്ദേശിച്ചത്. അതിത്ര വൈറലാകും എന്നൊന്നും ഐസ് പോലത്തെ മനസ്സുള്ള ഇപി വിചാരിച്ചില്ല. 

ഈ കട്ടന്‍ ചായയും പരിപ്പുവടയും ഇപിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നു. ആത്മകഥയെഴുതമെന്നും അതിന് ആറ്റം ബോംബിന്റെ പ്രഹരശേഷി ഉണ്ടാകുമെന്നും ഇപി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാധ്യമറിപ്പോര്‍ട്ടുകള്‍ വിശ്വസിച്ചാല്‍,ഇപി സഖാവിന്റെ ആത്മകഥയുടെ പേര് കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ്. ഈ ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നു. അത് വിവാദ കൊടുങ്കാറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പതിവുപോലെ ആ ഗര്‍ഭം എന്റേതല്ലെന്ന് ഇ പി പറഞ്ഞിട്ടുണ്ട്. 

ഇ.പിയുടെ പ്രതികരണം ഇങ്ങനെ: 

ആത്മകഥ എഴുതുകയാണ്.പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും.ഇങ്ങനെയാണ് ഇപി പറഞ്ഞത്.

ഇ.പി.ജയരാജന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്തതിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഇ.പി. പറയുന്നത്.

ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ ഇതാണ് തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്.ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുന്‍പോ ശേഷമോ ഫോണില്‍പോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു.ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകന്‍ ഫോണെടുത്തില്ല.

മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്.അച്ഛന്‍ അവിടെ ഉണ്ടോ എന്നു ചോദിച്ചു. അല്‍പം കഴിയുന്നതിനു മുന്‍പ് ഫ്‌ലാറ്റിലെത്തി.ഈ വഴി പോയപ്പോള്‍ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു.എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റില്‍ കൂടുതല്‍ കൂടിക്കാഴ്ച നീണ്ടുനിന്നില്ല.എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസം മറച്ചു വയ്ക്കുന്നില്ല ഇ.പി.പദവി നഷ്ടപ്പെട്ടതിലല്ല,പാര്‍ട്ടി മനസ്സിലാക്കാത്തതിലാണു പ്രയാസം. 

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യവും ചര്‍ച്ചയാകും.ഡോ.പി.സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു.കിട്ടാതെയായപ്പോള്‍ മറുകണ്ടം ചാടി.ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രന്‍ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. ഇപി നിഷേധിച്ച ഇപിയുടെ ആത്മകഥാ ഭാഗത്തില്‍ ഇതൊക്കെയാണ് ഉള്ളത്.ഇനിയെന്ത് സംഭവിക്കും.എന്തും സംഭവിക്കാം. കാരണം വിവാദ പുരുഷന്‍ സഖാവ് ഇപിയാണ്.

cpim DC controversy Sathyan Anthikad CPI cpimkerala epjayarajan malayalam story books