ഡി.സി ബുക്‌സിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി ജയരാജന്‍

തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ഇമെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നത്. ഡി.സി. ബുക്‌സിനെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കാനും നീക്കമുണ്ട്.

author-image
Prana
New Update
epjayarajan

ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സിനെതിരേ ഡി.ജി.പിക്കു പരാതി നല്‍കി സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ഇമെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നത്. ഡി.സി. ബുക്‌സിനെതിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കാനും നീക്കമുണ്ട്. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ച് വന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ഇ.പി രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി ബുക്‌സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ep jayarajan books complaint DC