ഇപിയുടെ ആത്മകഥ ചോര്‍ന്നത് ഡിസിയില്‍നിന്നെന്ന് പോലീസ് റിപ്പോര്‍ട്ട്

ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാഗങ്ങള്‍ ചോര്‍ന്നത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറി

author-image
Prana
New Update
epjayarajan

സി.പി.എം. നേതാവ് ഇ.പി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ഉള്ളടക്കമെന്ന നിലയില്‍ ചില ഭാഗങ്ങള്‍ ചോര്‍ന്നത് ഡി.സി. ബുക്‌സില്‍ നിന്നെന്ന് പോലീസ് റിപ്പോര്‍ട്ട്. ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാഗങ്ങള്‍ ചോര്‍ന്നത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറി. സംഭവത്തില്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വോട്ടെടുപ്പ് ദിവസം ഈ രീതിയില്‍ ആത്മകഥയിലെ ഉള്ളടക്കമെന്നനിലയില്‍ ഭാഗങ്ങള്‍ പ്രചരിച്ചതില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ഡി.ജി.പിക്ക് നേരത്തെ പരാതി സമര്‍പ്പിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പിയെ അന്വേഷിക്കാന്‍ ഡി.ജി.പി. ചുമതലപ്പെടുത്തി. ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടും എസ്.പി. സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി മടക്കി അയക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പി. സമര്‍പ്പിച്ച രണ്ടാംഘട്ട റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥയിലെ ഉള്ളടക്കമെന്നനിലയില്‍ ഭാ?ഗങ്ങള്‍ ചോര്‍ന്നത് ഡി.സി. ബുക്‌സില്‍ നിന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം ചോര്‍ന്നത് എന്നാണ് പറയുന്നത്.
ഇ.പി. ജയരാജനുമായി കൃത്യമായ ഒരു കരാര്‍ ഡി.സി. ബുക്‌സിനില്ലായിരുന്നു. പിന്നെ, എങ്ങിനെയാണ് ആത്മകഥയുടെ ഭാഗങ്ങള്‍ ഡി.സി. ബുക്‌സിലേക്കെത്തിയത് എന്നതില്‍ അന്വേഷണം ആവശ്യമാണ്. എന്നാല്‍, വിഷയം പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യമായതിനാല്‍ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ep jayarajan report police dc books autobiography