/kalakaumudi/media/media_files/2026/02/27/w-2026-02-27-17-12-46.jpeg)
കൊച്ചി : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട്, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ, ടൂറിസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ് വൈസ് പ്രസിഡന്റ് സിന്റ ജേക്കബാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷനായി.
# സമസ്ത മേഖലകളിലും വികസനം എത്തിക്കുന്ന തരത്തിലുള്ള ബഡ്ജറ്റിൽ
മുൻ ബാക്കി ഉൾപ്പെടെ ആകെ 177,88,20,344/- പ്രതീക്ഷിത വരവും പദ്ധതി-പദ്ധതി ഇതര ഇനങ്ങളിൽ ആകെ 163,13,02,500/- പ്രതീക്ഷിത ചെലവും 14,75,17,844/-നീക്കി ബാക്കിയും വരുന്ന വികസന രേഖയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
# 5000 സ്ത്രീകൾക്ക് തൊഴിൽ; വരുന്നു പുതിയ ജോബ് പോർട്ടൽ തൊഴിൽ രംഗത്ത് പുതിയ സാധ്യതകൾ
ജില്ലയിലെ അയ്യായിരത്തോളം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യുന്ന ജോബ് പോർട്ടൽ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമാണ്. സ്ത്രീശാക്തീകരണത്തിന് വലിയ ഊന്നൽ നൽകുന്ന ഈ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഷീ ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.കേരളത്തിന്റെ തൊഴിൽ ശേഷിയിൽ നിർണ്ണായക പങ്ക് വഹിക്കേണ്ട വളർന്നുവരുന്ന തലമുറയ്ക്ക് നമ്മുടെ നാട്ടിൽ തന്നെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുഖ്യ പരിഗണന നൽകുന്നു.
# കൃഷിയും ഫാം ടൂറിസവും; 18 കോടിയുടെ വികസനം
​കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി 18 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ കൃഷി ഫാമുകളുടെ നവീകരണത്തിലൂടെ ഫാം ടൂറിസം, അക്വാ ടൂറിസം, വയലോര ടൂറിസം എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. ഫാമുകളിൽ ആധുനിക കൃഷിരീതികളും പരീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജില്ലാ പഞ്ചായത്ത് സ്വീകരിക്കുന്നത്.നെല്ല്, പച്ചക്കറി, വാഴ എന്നീ പരമ്പരാഗത കൃഷികൾക്കുള്ള സഹായം ഉറപ്പാക്കുന്നതിനൊപ്പം, കാർഷിക സൊസൈറ്റികളുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകും വിധം അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേളകൾ സംഘടിപ്പിക്കുന്നതിനും തുക അനുവദിച്ചു.
# വിദ്യാഭ്യാസ മേഖലയ്ക്ക് 15.60 കോടി; ആധുനിക ലാബുകൾ വരുന്നു
​വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കും സർക്കാർ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ, സയൻസ് ലാബുകളുടെ ആധുനികവൽക്കരണത്തിനുമായി 15.60 കോടി രൂപ വകയിരുത്തി. കൂടാതെ, കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനം ലക്ഷ്യമിട്ട് സ്കൂളുകളിൽ കായിക അധ്യാപകരെയും കൗൺസിലർമാരെയും നിയമിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിലുണ്ട്.
# ആരോഗ്യവും പാർപ്പിടവും സാമൂഹിക സുരക്ഷയും
മലയാളിയുടെ സ്വഭവനം എന്ന സ്വപ്നത്തിന് കൈത്താങ്ങാകാൻ ജില്ലാ പഞ്ചായത്ത് വിഹിതമായി 18 കോടി രൂപ നീക്കിവെച്ചു.ആരോഗ്യ മേഖലയിലെ വിപുലമായ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 16 കോടി രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കേരളത്തിന്റെ മാതൃകാപരമായ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ, ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാവുന്ന വിവിധ പദ്ധതികൾക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.ശുചിത്വവും കുടിവെള്ളവും: ജില്ലയിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി 11 കോടി രൂപ വകയിരുത്തി.​പശ്ചാത്തല മേഖല: നിലവിലെ ആസ്തികളുടെ സംരക്ഷണത്തിനും പുതിയവ നിർമ്മിക്കുന്നതിനുമായി 29 കോടി രൂപ അനുവദിച്ചു.​എസ്.സി/എസ്.ടി വികസനം: പട്ടിക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി 13 കോടി രൂപ നീക്കിവെച്ചു. ഈ വിഭാഗത്തിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി സങ്കേതങ്ങൾക്കായി പത്തു കോടി രൂപയും ഉൾപ്പടുത്തിപാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും ഗ്രൗണ്ടുകളുടെ നവീകരണത്തിന് ഒരു കോടിയും, ക്ലീൻ എറണാകുളം പദ്ധതിക്കായി 6 കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
# മറ്റ് ജനക്ഷേമ പദ്ധതികൾ
​കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീൻ സംവിധാനം നടപ്പിലാക്കും. ട്രാൻസ്ജെൻഡേഴ്സ് ക്ഷേമ പ്രവർത്തനങ്ങൾ, ലിവർ ട്രാൻസ്പ്ലാന്റേഷൻ രോഗികൾക്കുള്ള സഹായം, ഓപ്പൺ ജിം, ലൈബ്രറികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ ഈ വർഷവും തുടരും. ഭിന്നശേഷിക്കാർക്കായി സ്കോളർഷിപ്പ്, വാഹന വിതരണം എന്നീ പദ്ധതികളും ബജറ്റിലുണ്ട്. ഊർജ്ജ സംരക്ഷണത്തിനായി സോളാർ സംവിധാനങ്ങൾ വ്യാപിപ്പിക്കും.
ജില്ലാ പഞ്ചായത്ത് ബജറ്റ് തീർത്തും നിരാശാജനകമെന്ന് എൽ.ഡി.എഫ്.
മുൻകാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുക മാത്രമാണ് പുതിയ ബജറ്റിലെന്നും പ്രതിപക്ഷ നേതാവ് ജൂബിൾ ജോർജ് പറഞ്ഞു. ക്ഷീര കർഷകരെയും തീരദേശ മേഖയേയും ബജറ്റിൽ പാടെ അഗണിച്ചു. ജില്ലയിലെ തെരുവുനായ ശല്യം ഇല്ലാതാക്കാൻ ബജറ്റിൽ നിർദേശങ്ങളില്ല.ഭിന്നശേഷി സഞ്ചാര സൗഹാർദ്ദ ജില്ലയാക്കി മാറ്റുന്നതിനായി നടപടികൾ വേണം.
വന്യജീവി മനുഷ്യ സംഘർഷം നടക്കുന്ന വന അതിർത്തി മേഖലകളിലെ പ്രശ്നങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയില്ല.
ഡയാലിസ് രോഗികൾക്കായി അനുവദിച്ചിരിക്കുന്ന പത്ത് ലക്ഷം വർദ്ധിപ്പിക്കണം. ജില്ലയിലെ പാടശേഖരങ്ങളേയും പൊക്കാളി പാടശേഖരങ്ങളെയും ഉൾപെടുത്തി ടൂറിസം മാപ്പ് ഉണ്ടാക്കുവാൻ പദ്ധതി വേണം. പറവൂർ ഗോതുരുത്തിൽ ചവിട്ടു നാടകത്തിന് പ്രോത്സാഹനം നൽകാൻ നടത്തുന്ന ചുവടി ഫെസ്റ്റ് പോലെയുള്ള ഫെസ്റ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. ജില്ലയിലെ 55 ഓളം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നത് ഇതര സംസ്ഥാന വിദ്യാർത്ഥികളുമായി സംവദിക്കാൻ അധ്യാപകർക്ക് സാംസ്കാരിക വിനിമയത്തിനുള്ള പദ്ധതികൾ രൂപീകരിക്കണമെന്നും എൽഡിഎഫ് ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. നിബിൻ കെ എസ്, മേരി വിൻസെന്റ് എന്നിവർ പങ്കെടുത്തു.--
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
